സി.പി.എം എം.പിക്കെതിരായ പരാമര്‍ശം; തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

സി.പി.എം എം.പിക്കെതിരായ പരാമര്‍ശം; തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറി എസ്.ജി സൂര്യ അറസ്റ്റില്‍. മധുര എം.പിക്കെതിരായ ട്വീറ്റിനെ ചൊല്ലിയാണ് അറസ്റ്റ്. മധുര ജില്ലാ സൈബര്‍ പോലിസാണ് എസ്.ജി സൂര്യയെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പാണ് അറസ്റ്റിനാധാരമായ സംഭവം നടക്കുന്നത്. മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ കൗണ്‍സിലറായ വിശ്വനാഥന്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതായും അലര്‍ജി മൂലം തൊഴിലാളി മരിച്ചതായും എസ്.ജി സൂര്യ ആരോപിച്ചിരുന്നു.
എം.പിക്ക് എഴുതിയ കത്തില്‍ സൂര്യ ഈ സംഭവത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ സി.പി.എം സൈബര്‍ പോലിസിന് പരാതി നല്‍കുകയായിരുന്നു. ഗൂഡല്ലൂരില്‍ നടന്ന സംഭവത്തെ മധുരയില്‍ നടന്നതായി തെറ്റിധരിപ്പിക്കുന്ന പരാമര്‍ശം നടത്തിയെന്നായിരുന്നു സി.പി.എം പരാതി. സി.പി.എം നേതാവിനെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും സി.പി.എം പരാതിപ്പെട്ടിരുന്നു. ഈ കേസിലാണ് എസ്.ജി സൂര്യയെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് സൂര്യയെ ചെന്നൈയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പോലിസ് നടപടിയില്‍ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അറസ്റ്റിനെ അപലപിക്കുന്നുവെന്നും കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുകയാണ് എസ്.ജി സൂര്യ ചെയ്തതെന്നും തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ ആരോപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *