വിമാനനിരക്കിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍

വിമാനനിരക്കിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍

കുവൈറ്റ് സിറ്റി: അമിതമായ വിമാനനിരക്കിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍. അവധി സമയത്തെ അമിതമായ വിമാനക്കൂലി പ്രവാസി കുടുംബങ്ങളെ രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടല്‍. ഇന്ത്യയില്‍ വിമാനക്കൂലി നിര്‍ണയം നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല. കമ്പോളശക്തികള്‍ നിരക്ക് നിര്‍ണയിക്കുന്നു എന്ന വാദമാണ് കാലാകാലങ്ങളായി സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഈ വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപെട്ട് പ്രവാസി ലീഗല്‍ സെല്‍ മുന്‍പ് കോടതിയെ സമീപിച്ചപ്പോള്‍ പോളിസി വിഷയമായതിനാല്‍ സര്‍ക്കാരാണ് നടപടി എടുക്കേണ്ടത് എന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രെസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നു തൂക്കിനോക്കി വിലയീടാക്കുന്ന രീതി അവസാനിപ്പിച്ചു എങ്കിലും അമിതമായ നിരക്കാണ് മൃതദേഹം നാട്ടിലെത്തിക്കാനായി വിമാനകമ്പനികള്‍ ഈടാക്കുന്നത് എന്നും സൗജന്യമായി പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപെടുന്നു. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നു മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചത്. പ്രവാസികളെ മുഴുവനും വളരെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, കോര്‍ഡിനേറ്റര്‍ അനില്‍ മൂടാടി എന്നിവര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *