മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു; സൈനിക യൂണിഫോം ധരിച്ച് ആക്രമണം ഉണ്ടായേക്കാം; കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു; സൈനിക യൂണിഫോം ധരിച്ച് ആക്രമണം ഉണ്ടായേക്കാം; കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജന്‍സ്. അക്രമികള്‍ സുരക്ഷാസേനയുടെ യൂണിഫോം ധരിച്ച് വെടിവെയ്പ്പ് നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പോലിസിന്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകോപിതമായ ആക്രമണത്തിലൂടെ സംസ്ഥാനത്തെ കലാപം ആളിക്കത്തിക്കാനുളള നീക്കമാണ് കലാപകാരികള്‍ നടത്തുന്നതെന്നും മുന്നറിയിപ്പ് നിര്‍ദേശത്തിലുണ്ട്. അതേസമയം കേന്ദ്രസഹമന്ത്രി രാജ്കുമാര്‍ രഞ്ജന്റെ വീടിന് തീവച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബിഷപ്പൂര്‍ ജില്ലയിലെ ഒരു തയ്യല്‍ക്കാരന്‍ 500 മണിപ്പൂര്‍ പോലിസ് കമാന്‍ഡോ യൂണിഫോമുകള്‍ തുന്നാന്‍ കരാര്‍ എടുത്തിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സി കണ്ടെത്തി. ചുരാന്ദ്പൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ കലാപകാരികള്‍ കമാന്‍ഡോകളായി വേഷംമാറി ആക്രമണം നടത്തിയേക്കും. ഇന്നും നാളെയുമായി അക്രമം ശക്തമാക്കാനാണ് തീരുമാനമെന്ന് സംശയിക്കുന്നതായും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ ഇംഫാലില്‍ ജനക്കൂട്ടവും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പ്രദേശവാസികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. രണ്ട് വീടുകള്‍ കത്തിക്കാന്‍ ശ്രമം നടന്നു. ചുരാചന്ദ്പൂരിലും ബിഷ്ണുപൂരിലും റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് സുരക്ഷാസേന ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. ക്വാക്ത, കാങ്വായ് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മെയ്തെയ് വിഭാഗത്തിന്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്ന ഗോത്രതര വിഭാഗമാണ് മെയ്തെയ്. ഇവരില്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ്. നാഗ, കുക്കി വിഭാഗത്തില്‍ വരുന്ന 35 ശതമാനത്തോളം ഗോത്ര വിഭാഗക്കാരില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരുമാണ്.

ദീര്‍ഘനാളായി പറയുന്ന തങ്ങളുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് പട്ടിക വര്‍ഗ്ഗ പദവി വേണമെന്ന് മെയ്തെയ് വിഭാഗക്കാര്‍ ആവശ്യം ഉന്നയിച്ചിരുന്നു. മെയ്തെയ് വിഭാഗക്കാരുടെ വാദമനുസരിച്ച് 1949ല്‍ മണിപ്പൂര്‍ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായി പരിഗണിച്ചിരുന്നെന്നും എന്നാല്‍ അതിന് ശേഷം പദവി നഷ്ടപ്പെട്ടന്നുമാണ് വ്യക്തമാക്കുന്നത്. അതേ സമയം, നാഗ, കുക്കി വിഭാഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. പട്ടികവര്‍ഗ പദവി ലഭിക്കുമ്പോള്‍ തങ്ങളുടെ ജോലി സാധ്യത കുറയുമെന്നും നാഗ, കുക്കി വിഭാഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *