ബിപോര്‍ജോയ് രാജസ്ഥാനിലേക്ക്; കാറ്റും കോളും ഒഴിയാതെ ഗുജറാത്ത്

ബിപോര്‍ജോയ് രാജസ്ഥാനിലേക്ക്; കാറ്റും കോളും ഒഴിയാതെ ഗുജറാത്ത്

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് കനത്ത നാശം വിതച്ച ബിപോര്‍ജോയ് രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോര്‍, ചനോഡ്, മാര്‍വര്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം. ദേശീയ ദുരന്ത നിവാരണ സംഘത്തെ ഉള്‍പ്പെടെ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് ബിപോര്‍ജോയ് രാജസ്ഥാനിലേക്ക് നീങ്ങുന്നതിനാല്‍ ഇന്നും നാളെയും രാജസ്ഥാനില്‍ അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കടന്നുപോയ ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര മേഖലയിലും ഇന്ന് കനത്ത മഴ പെയ്യും.

ഗുജറാത്തില്‍ വലിയ നാശം വിതച്ചാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് കടന്നുപോയത്. സംസ്ഥാനത്ത് അയ്യായിരത്തോളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതോടെ 4600 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങി. ഇതില്‍ 3500ഓളം ഗ്രാമങ്ങളില്‍ വൈദ്യുതി പുനഃസ്ഥപിച്ചിട്ടുണ്ട്. ആയിരത്തോളം ഗ്രാമങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്. അതിര്‍ത്തി മേഖലകളില്‍ ആശയവിനിമയ സംവിധാനം തകര്‍ന്ന് കിടക്കുകയാണ്.

ബിപോര്‍ജോയിയുടെ സ്വാധീനത്താല്‍ ഡല്‍ഹിയിലും ഇന്നലെ മഴപെയ്തിരുന്നു. ഇന്നും രാജ്യതലസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും സഞ്ചാരപാതയില്‍ മഴയും കാറ്റും തുടരുന്നുണ്ട്. ചുഴലിക്കാറ്റിന്റെ വേഗത കുറയുകയാണെന്ന് ഐ.എം.എ.ഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളില്‍ ഞായറാഴ്ച മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും. വരും മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.

ഗുജറാത്ത് തീരത്ത് കരതൊട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് കച്ച് സൗരാഷ്ട്ര മേഖലയില്‍ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ ശരാശരി വേഗത്തിലാണ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങളിലെ ജില്ലാ കലക്ടര്‍മാരോട് അവരുടെ ജില്ലകളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടു. ജാംനഗര്‍ ജില്ലയിലെ 367 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. ഗതാഗത തടസം സൃഷ്ടിച്ച് റോഡിലേക്ക് മറിഞ്ഞ് വീണ മരങ്ങളും നീക്കിവരികയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *