ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.പി ഷിനോജിനെ കഴിഞ്ഞ ദിവസം ചൊക്ലി പോലിസ് സ്റ്റേഷന്‍ കവാടത്തില്‍ എസ്.ഐ. അപമാനിച്ചതായി പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനെ കണ്ട് തന്റെ അയല്‍വാസിയായ പി.വി. ശ്രീകാന്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്തില്‍
സമര്‍പ്പിച്ചോയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായോ എന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് അന്വേഷിക്കുന്നതിനിടെ, അവിടെ എത്തിയ ചൊക്ലി എസ്.ഐ ഷമില്‍ -ഒരു വിവരവും ഇവന് കൈമാറരുതെന്നും എന്നെ കുറിച്ച് എ.സി.പിക്ക് പരാതി നല്‍കാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നിട്ടില്ലെന്നും തുടര്‍ന്ന് കേട്ടാലറക്കുന്ന ഭാഷയില്‍ തെറി വിളിക്കുകയും കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തുവെന്നാണ് പരാതി.
സ്റ്റേഷഷനിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എസ്.ഐയുടെ പരാക്രമങ്ങള്‍ കാണാന്‍ കഴിയുമെന്ന് മെംബര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനപ്രതിനിധിയായ കെ.പി.ഷിനോജിനെ അപമാനിച്ച പോലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് അന്വേഷിക്കുമെന്നും ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പോലിസ് നയത്തിനെതിരെ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചൊക്ലി പോലിസ് സ്റ്റേഷനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, സിറ്റി പോലിസ് കമ്മീഷണര്‍, പോലിസ് കംപ്ലയിന്റ് അതോറിറ്റി, എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.പി ഷിനോജ് പരാതി നല്‍കിയിട്ടുണ്ട്.