ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിനെ വിട്ടുനല്‍കാതെ ജര്‍മ്മന്‍ കോടതി

ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിനെ വിട്ടുനല്‍കാതെ ജര്‍മ്മന്‍ കോടതി

ബെര്‍ലിന്‍: ജര്‍മനിയില്‍ ശിശുസംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലുള്ള കുഞ്ഞിനെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം നിരസിച്ച് ജര്‍മന്‍ കോടതി. രണ്ടര വയസ് പ്രായമുള്ള അരിഹാ ഷായെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ബെര്‍ലിനിലെ പാങ്കോവ് കോടതി തള്ളിയത്.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ് കുട്ടിക്കേറ്റ പരിക്ക് ലൈംഗികാതിക്രമമാണെന്ന് ആരോപിച്ചാണ് കുട്ടിയെ ശിശുസംരക്ഷണ വകുപ്പ് ഏറ്റെടുത്തത്. ഏഴ് മാസം പ്രായമുള്ളപ്പോള്‍ 2021 സെപ്റ്റംബര്‍ മുതല്‍ കുട്ടി ജര്‍മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ഹോമിലാണ് കഴിയുന്നത്.

കുഞ്ഞിനേറ്റ പരിക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം തള്ളിയ കോടതി കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് വിട്ടുകൊടുക്കാത്തതെന്നും ന്യായീകരിച്ചു.

കളിക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യ ഭാഗത്താണ് പരിക്കേറ്റത്. തുടര്‍ന്ന് ഭാവേഷും ധാരയും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അതിനിടെ ആശുപത്രി അധികൃതര്‍ ഇവരെ വിളിപ്പിക്കുകയും പരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ സൂചനയുണ്ടെന്ന് പറയുകയും ചെയ്തു. കുട്ടിക്ക് പരിക്കേല്‍ക്കുമ്പോള്‍ മുത്തശ്ശി ഒപ്പമുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞുവെങ്കിലും ആശുപത്രി ്അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് അരിഹയെ ജര്‍മനിയിലെ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വകുപ്പ് ഏറ്റെടുത്തു.

ജര്‍മന്‍ നിയമം അനുസരിച്ച് കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ വീടുകളില്‍ അക്രമത്തിനിരയായാല്‍ ഉടനടി ബന്ധപ്പെട്ട വകുപ്പുകള്‍ കുഞ്ഞുങ്ങളെ ഏറ്റെടുക്കും.

അതേസമയം ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജര്‍മന്‍ പോലീസ് പിന്നീട് കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റം പിന്‍വലിച്ചു. എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ ജര്‍മന്‍ അധികൃതര്‍ തയ്യാറായില്ല.

പരിക്കിന് കാരണക്കാരാണോ എന്ന് കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചത് എ്ന്നും കുട്ടിയുടെ സുരക്ഷയ്ക്ക് വീഴ്ചയുണ്ടായെന്നും ആ കുറ്റം നിലനില്‍ക്കുമെന്നുമാണ് അധികൃതരുടെ വാദം.

ഇതിനിടെ രണ്ടാഴ്ചയിലൊരിക്കല്‍ കുഞ്ഞിനെ കാണാന്‍ ഇവര്‍ക്ക് കോടതി അനുമതി നല്‍കി. പിന്നീട് കുഞ്ഞിന്റെ പൂര്‍ണ സംരക്ഷണാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തള്ളിയത്. അതേസമയം സംഭവത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ടിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *