കോഴിക്കോട്: ഒന്‍പതാമത് അന്തര്‍ദേശീയ യോഗദിനമായി ജൂണ്‍ 21ന് ആഘോഷിക്കുന്നതിന്റെ ഭാഗമായി ആയുഷ് വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ആയുഷ്മിഷന്‍, ഭാരതീയ ചികിത്സാവകുപ്പ്, ഹോമിയോപ്പതി വകുപ്പ് സംയുക്തമായി നടത്തുന്ന അന്തര്‍ദേശീയ യോഗദിനം ജില്ലാതല ഉദ്ഘാടനം 19ന് (തിങ്കള്‍) രാവിലെ എട്ടിന് സമുദ്ര ഓഡിറ്റോറിയത്തില്‍ (കോഴിക്കോട് ബീച്ച്) നടക്കുമെന്ന് ഐ.എസ്.എം ജില്ല നോഡല്‍ ഓഫീസര്‍ ഡോ: സുഗേഷ് കുമാര്‍ ജി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷം വഹിക്കും. മേയര്‍ ബീന ഫിലിപ്പ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍-ആയുഷ് യോഗ ക്ലബ്ബ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, ജില്ലാ മേധാവികള്‍ സംബന്ധിക്കും.
വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, പൊതുജനങ്ങള്‍ക്ക് സമൂഹയോഗ, യോഗയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ക്ലാസുകള്‍ യോഗ ഡാന്‍സ് എന്നിവ ഉണ്ടായിരിക്കും. അന്തര്‍ദേശീയ യോഗദിനമായ 21ന് ജില്ലാതല ആയുഷ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയില്‍ ഇതിനകം 50 സ്ഥാപനങ്ങളെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍സസ് സെന്റര്‍ ക്ലിനിക്കുകള്‍ ആക്കി മാറ്റിയിട്ടുണ്ട്. ശാസ്ത്രീയമായതും രോഗങ്ങള്‍ക്ക് അനുസരിച്ചുള്ളതുമായ യോഗ പരിശീലനമാണ് ഇവിടെ നല്‍കിവരുന്നത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് ഇത്തരം പദ്ധതി വ്യാപിപ്പിക്കും.
ജീവിതശൈലീരോഗ നിയന്ത്രണത്തിനായി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് ആയിരത്തോളം ആയുഷ് യോഗക്ലാസുകള്‍ ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ: സുഗേഷ് കുമാര്‍, ഡോ. ബിന്ദു, ഡോ. സഫല ഫാറൂഖ് എന്നിവര്‍ സംബന്ധിച്ചു.