കോഴിക്കോട്: ഹൈലൈറ്റ്മാള്‍ ഫാഷന്‍വീക്കിന്റെ നാലാംപതിപ്പ് ഇന്ന് വൈകീട്ട് ആറ് മണിക്ക് തേഡ്ഫ്‌ളോറില്‍ ആരംഭിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജില്‍ മുഹമ്മദും മാള്‍ഹെഡ് കെ.ജനാര്‍ദനനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിന്നണി ഗായിക ഗൗരിലക്ഷ്മിയുടെ മ്യൂസിക്ബാന്‍ഡ് ഷോയോടെയാണ് ഫാഷന്‍വീക്കിന് തുടക്കമാവുക. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി എമര്‍ജിംഗ് സ്റ്റൈല്‍സ്, എമര്‍ജിംഗ് ടാലന്റ് എന്നതാണ് ഇത്തവണത്തെ തീം.
ഫാഷന്‍ലോകത്തെ പുതുമയുടേയും സര്‍ഗാത്മകതയുടേയും നവീന വീക്ഷണങ്ങളുടേയും ആഘോഷമായിരിക്കും നാലാംപതിപ്പ്. പ്രാദേശിക ഫാഷന്‍ കമ്മ്യൂണിറ്റിയെ പിന്തുണക്കുന്നതിന്റെ ഭാഗമായി പ്രതിഭാധനരായ പ്രാദേശിക ഡിസൈനര്‍ക്കായി ഹൈലൈറ്റ് ഫാഷന്‍ വീക്കില്‍ അവസരം നല്‍കുന്നുണ്ട്. ലിയോണ, മാളവിക, ദില്‍ഷ, ബിപിന്‍ജോര്‍ജ് തുടങ്ങിയ മോളിവുഡ് സെലിബ്രിറ്റികള്‍ സംബന്ധിക്കും. സംസ്ഥാനത്തെ മികച്ച ഡിസൈനര്‍മാര്‍ ഫാഷന്‍ വീക്കിനെത്തുന്നുണ്ട്. ഹൈലൈറ്റ്മാളും ശാംഖാന്‍ സംവിധാനം ചെയ്യുന്ന ഷോയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഹൈലൈറ്റ് മാളിന്റെ ഫാഷന്‍വീക്ക് കോഴിക്കോടിന്റെ പ്രധാന ഫാഷന്‍ മേളയായി മാറിയിട്ടുണ്ടെന്നും ഈ മേഖലയിലെ ഫാഷന്‍-സ്റ്റൈല്‍ പ്രേമികള്‍ക്കും വ്യവസായ പ്രൊഫഷണലുകള്‍ക്കും വലിയ അവസരമാണ് ഒരുക്കുന്നതെന്നും ഈ വര്‍ഷത്തെ ഇവന്റ് പുതിയ ഫാഷന്‍ ഡിസൈനര്‍മാരെ സൃഷ്ടിക്കാനും വ്യവസായത്തിന്റെ വളര്‍ച്ചക്കുതകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തന്‍വീര്‍, ഷോ ഡയരക്ടര്‍ ശാംഖാന്‍ എന്നിവരും പങ്കെടുത്തു.