കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യക്ക് മുൻകൂർ ജാമ്യം നൽകരുത് എന്നാവശ്യപ്പെട്ട് അഗളി പോലീസ്. വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
സംഭവം പുറത്തുവന്ന് പത്ത് ദിവസത്തോളം കഴിഞ്ഞിട്ടും വിദ്യയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ജൂൺ 20 ന് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ പുതിയ നീക്കം. സൈബർ സെൽ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി വിപുലീകരിച്ച അന്വേഷണ സംഘമാണ് വിദ്യയെ തിരയുന്നത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് അഗളി പോലീസ് അട്ടപ്പാടി സർക്കാർ കോളേജിലെത്തി വിദ്യയുമായി അഭിമുഖം നടത്തിയ ബോർഡ് അംഗമായിരുന്ന മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.