ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. കൂടെ താമസിക്കുന്ന മലയാള സുഹൃത്തിന്റെ കുത്തേറ്റാണ് മരണം. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ (SE5) വ്യാഴാഴ്ച രാത്രി ഏകദേശം ഒരുമണിയോടെയാണ് സംഭവമുണ്ടായത്. പെക്കാമിലെ കോൾമാൻ വേ ജംഗ്ഷനു സമീപമുള്ള സൗതാംപ്റ്റൻ വേയിൽ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്ലാറ്റിലായിരുന്നു അരവിന്ദും അക്രമിയും മറ്റു രണ്ട് സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. പുലർച്ചെ 1.36നാണ് സംഭവം പോലീസ് അറിഞ്ഞത്.
സാക്ഷികളായ സുഹൃത്തുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പൊലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര മെഡിക്കൽ സഹായം നൽകിയെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ ഇയാൾ മരിച്ചു. സംഭവത്തിൽ 20 വയസ് പ്രായമുള്ള മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റു യുവാക്കളെ ചോദ്യം ചെയ്യാൻ കൊണ്ടുപോയി. വിദ്യാർഥി വീസയിലെത്തിയ അരവിന്ദ് പത്തുവർഷമായി ബ്രിട്ടനിൽ താമസിക്കുകയാണ്.