നാദാപുരം: ഗ്രാമപഞ്ചായത്തില്‍ അനധികൃതമായി പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ , കൊടി തോരണങ്ങള്‍ എന്നിവ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. നാദാപുരം ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ കല്ലാച്ചി പോസ്റ്റോഫീസ് പരിസരം വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശങ്ങളിലെ പൊതുസ്ഥലത്തുള്ള ബോര്‍ഡുകളാണ് നീക്കം ചെയ്തത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, ആശുപത്രി, കുഴല്‍ക്കിണര്‍ എന്നിവയുടെ പരസ്യബോര്‍ഡുകളും മതസംഘടനകളുടെ പരിപാടികളുടെ ബോര്‍ഡുകള്‍ എന്നിവയാണ് കൂടുതലുള്ളത്.
പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ ബോര്‍ഡുകളും നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രകാരം ആറുമാസത്തിനുള്ളില്‍ ഇത് നാലാം തവണയാണ് പഞ്ചായത്ത് അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമയെ വിളിച്ചുവരുത്തി നോട്ടീസ് നല്‍കി. ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തിക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, സി.ചന്ദ്രന്‍, ഇ. പ്രവീണ്‍കുമാര്‍, പി.മനോജന്‍ , ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. അനധികൃത ബോര്‍ഡുകള്‍ ശ്രദ്ധയില്‍ പെടുന്നപക്ഷം സ്ഥാപിച്ചവര്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും പിഴ, പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കൂടാതെ ഹൈക്കോടതിയെ ഈ കാര്യം അറിയിക്കുന്നതുമാണ്.