തീരമേഖലയില്‍ നാശം വിതച്ച് ബിപോര്‍ജോയ്; ഗുജറാത്തില്‍ രണ്ട്‌ പേര്‍ മരിക്കുകയും, 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

തീരമേഖലയില്‍ നാശം വിതച്ച് ബിപോര്‍ജോയ്; ഗുജറാത്തില്‍ രണ്ട്‌ പേര്‍ മരിക്കുകയും, 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

  • മത്സ്യബന്ധനം വിലക്കി
  • 100 ട്രെയിനുകള്‍ റദ്ദാക്കി

അഹ്‌മദാബാദ്: ബിപോര്‍ജോയ് കൊടുങ്കാറ്റ് ഗുജറാത്ത് തീരത്ത് ഇന്നലെ ആഞ്ഞടിച്ചു. കനത്ത നാശനഷ്ടമാണ് ഗുജറാതീരമേഖയില്‍ ബിപോര്‍ജോയ് വരുത്തിവച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ കര തൊട്ട ചുഴലിക്കാറ്റ് ഇപ്പോള്‍ സൗരാഷ്ട്ര-കച്ച് മേഖലകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. സംഭവത്തില്‍ രണ്ട്‌ പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൂടാതെ 23 മൃഗങ്ങള്‍ ചത്തു. അനേകം മരങ്ങള്‍ കടപുഴകി വീണു.വൈദ്യുത തൂണുകള്‍ വീണതിനെ തുടര്‍ന്ന് ഗുജറാത്തിലെ 940 ഗ്രാമങ്ങളില്‍ വൈദ്യുതിവിതരണം പൂര്‍ണമായും തടസപ്പെട്ടു. അതേസമയം ബിപോര്‍ജോയിയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബിപോര്‍ജോയ് ഇന്ന് വടക്ക് കിഴക്കോട്ട് നീങ്ങുമെന്നാണ് കരുതുന്നത്. ഇന്ന് വൈകുന്നേരത്തോടെ ദക്ഷിണ രാജസ്ഥാനില്‍ പ്രവേശിക്കുമ്പോഴേക്കും ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദ്ദമായി മാറും.രാജസ്ഥാനില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ അറിയാനായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണില്‍ സംസാരിച്ചു. ഗിര്‍ വനത്തിലെ സിംഹങ്ങളുടെ സുരക്ഷക്കായി സംസ്ഥാനം സ്വീകരിച്ച നടപടികളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദാംശങ്ങള്‍ തേടി. അതേസമയം ചുഴലിക്കാറ്റിനെയും മഴയെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു.

‘ഞങ്ങള്‍ അവലോകനയോഗങ്ങള്‍ നടത്തുന്നുണ്ട്. സിവില്‍ ഡിഫന്‍സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമുകള്‍ സജ്ജമാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല,’ അദ്ദേഹം ഭരത്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജസ്ഥാനിലെത്തുമ്പോഴേക്കും ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 16 വരെ സൗരാഷ്ട്രയിലും കച്ചിലും കനത്ത മഴ തുടരും.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എന്‍.ഡി.ആര്‍.എഫിന്റെ 18 ടീമുകളേയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് 12 ടീമുകളേയും നിയോഗിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് 115 ഉദ്യോഗസ്ഥരേയും വൈദ്യുതി വകുപ്പ് 397 പേരെയും ചേര്‍ത്ത് പ്രത്യേകദൗത്യ സേന രൂപീകരിച്ചു. കരസേന, നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുള്‍പ്പെടെ എല്ലാ സായുധ സേനകളും സഹായം നല്‍കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി ഗുജറാത്തിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും തീവ്രത കൂടിയ ചുഴലിക്കാറ്റാണ് ബിപോര്‍ജോയ്. കാറ്റിന്റെ ശക്തി കണക്കിലെടുത്ത് മത്സ്യബന്ധനം പൂര്‍ണമായും വിലക്കി. മുന്നറിയിപ്പ് കണക്കിലെടുത്ത് 100 ട്രെയിനുകള്‍ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. കച്ച്, ജാംനഗര്‍, മോര്‍ബി, രാജ്‌കോട്ട്, ദേവ്ഭൂമി ദ്വാരക, ജുനഗഡ്, പോര്‍ബന്തര്‍, ഗിര്‍ സോമനാഥ് എന്നീ എട്ട് തീരദേശ ജില്ലകളില്‍ ഇതുവരെ ഒരു ലക്ഷത്തോളം പേരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *