തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിക്ക് വേഗം ഹൃദയശസ്ത്രക്രിയ വേണമെന്ന് വിദഗ്ധ നിര്‍ദേശം

തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിക്ക് വേഗം ഹൃദയശസ്ത്രക്രിയ വേണമെന്ന് വിദഗ്ധ നിര്‍ദേശം

ചെന്നൈ: തമിഴ്‌നാട്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിക്ക് ശസ്ത്രക്രിയ എത്രയും വേഗത്തില്‍ നടത്തണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെന്തില്‍ ബാലാജിയെ നിലവില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന ചെന്നൈയിലെ കാവേരി ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്തുവിട്ടത്.

മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ദനായ എ.ആര്‍ രഘുറാമടങ്ങുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. സംഘം സെന്തില്‍ ബാലാജിയെ എത്രയും നേരത്തെ ശസ്ത്രക്രിയയ്ക്ക് വേണമെന്ന് അഭിപ്രായപ്പെട്ടു. ജൂണ്‍ 15ന് രാത്രിയാണ് സെന്തില്‍ ബാലാജിയെ ചെന്നൈയിലെ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം നേരത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റ് (സി.എ.ബി.ജി) ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. നിലവില്‍ അദ്ദേഹത്തെ അനസ്‌തേഷ്യക്ക് വിധേയനാക്കാനുള്ള ടെസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാകും ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക.
ബുധനാഴ്ചയാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയുന്നത്. 2015ല്‍ ജയലളിത സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ കോഴ വാങ്ങിയെന്ന കേസിലാണ് ഇ.ഡിയുടെ നിലവിലെ നടപടി. 28വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *