കൊച്ചി: മണിപ്പൂരിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്‍.കെ രഞ്ജന്‍ സിങ്. ഇംഫാലില്‍ ജനക്കൂട്ടം തന്റെ വീട് തകര്‍ക്കുകയും തീയിടുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. എന്തുകൊണ്ടാണ് തന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതെന്ന് മനസിലാകുന്നില്ലെന്നും ആര്‍.കെ രഞ്ജന്‍ സിങ് പറഞ്ഞു.
”ഞാന്‍ ഞെട്ടിപ്പോയി. മണിപ്പൂരിലെ ക്രമസമാധാന നില പൂര്‍ണമായും പരാജയപ്പെട്ടു’- ആര്‍.കെ രഞ്ജന്‍ സിങ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ”ഞാന്‍ ഇപ്പോള്‍ ഔദ്യോഗിക ജോലികള്‍ക്കായി കേരളത്തിലാണ്. ഭാഗ്യവശാല്‍, ഇന്നലെ രാത്രി എന്റെ ഇംഫാലിലെ വീടിന് കലാപകാരികള്‍ തീയിട്ടപ്പോള്‍ ആര്‍ക്കും പരുക്ക് പറ്റിയിരുന്നില്ല. അക്രമികള്‍ പെട്രോള്‍ ബോംബുകളുമായാണ് വന്നത്. എന്റെ വീടിന്റെ താഴത്തെ നിലയ്ക്കും ഒന്നാം നിലയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്”- കേന്ദ്ര മന്ത്രി പറഞ്ഞു. എന്റെ മാതൃരാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാണുമ്പോള്‍ വളരെ സങ്കടമുണ്ട്. ഇത്തരത്തിലുള്ള അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ തീര്‍ത്തും മനുഷ്യത്വരഹിതരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, ഇംഫാല്‍ താഴ്‌വരയില്‍ സുരക്ഷാസേനയും അക്രമികളും ഏറ്റുമുട്ടിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നിരവധി വീടുകള്‍ക്കാണ് അക്രമികള്‍ തീയിട്ടത്. ന്യൂ ചെക്കോണില്‍ അക്രമിസംഘങ്ങളെ പിരിച്ചുവിടാന്‍ സൈന്യം ഗ്യാസ് ഷെല്ലുകളാണ് പ്രയോഗിച്ചത്. അതിന് മുന്‍പ്, കാങ്പോക്പി ജില്ലയിലുണ്ടായ തീവയ്പ്പിലും വെടിവയ്പ്പിലും ഒന്‍പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ, വ്യവസായ വകുപ്പ് മന്ത്രി നെംച കിപ്ജിന്റെ പടിഞ്ഞാറന്‍ ഇംഫാലിലുള്ള വസതിയും കലാപകാരികള്‍ അക്രമത്തിനിരയാക്കിയിരുന്നു. തീവയ്പുണ്ടായ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.
വംശീയ കലാപത്തില്‍ സംസ്ഥാനത്ത് ഇതിനോടകം നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സൈന്യത്തെയും അര്‍ധ സൈനികരെയും വിന്യസിച്ചിട്ടുണ്ടെങ്കിലും കലാപത്തെ അമര്‍ച്ചചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.