മാഹി: സ്‌കൂള്‍ പ്രവേശന നാളില്‍ മയ്യഴി വിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകളില്‍ ചില വിദ്യാര്‍ത്ഥി സംഘടനകളുടെ ബോര്‍ഡും കൊടിതോരണങ്ങളും പ്രത്യക്ഷപ്പെട്ടത് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും വാക് തര്‍ക്കങ്ങള്‍ക്കുമിടയാക്കി. സ്‌കൂളിലെ രാഷ്ട്രീയ സംഘര്‍ഷം കുട്ടികളിലും രക്ഷിതാക്കളിലും ആശങ്ക പടര്‍ത്തി. പ്രവേശന നാളില്‍ ആദ്യം എ.ബി.വി.പി പ്രവര്‍ത്തകരാണ് മാഹി, ചാലക്കര, പള്ളൂര്‍, പന്തക്കല്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് മുന്നില്‍ ബോര്‍ഡും കൊടി തോരണങ്ങളും ഉയര്‍ത്തിയത്. തൊട്ടുപിറകെ എസ്.എഫ്.ഐ. പ്രവര്‍ത്തകരും ഇതാവര്‍ത്തിച്ചു. ചില വിദ്യാലയങ്ങളുടെ പരിസരത്തെ വൈദ്യുതി പോസ്റ്റുകളിലും മറ്റും രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്ററുകളും അടിച്ചുവച്ചിട്ടുണ്ട്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വാക് തര്‍ക്കത്തിലേക്കും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഒടുവില്‍ പോലിസെത്തിയാണ് സംഘര്‍ഷമൊഴിവാക്കിയത്.
പോലിസിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ പിന്നീട് ഇവ നീക്കം ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തടക്കം പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങളും, ചുമരെഴുത്തുമെല്ലാം നിരോധിച്ച സംസ്ഥാനമാണ് പുതുച്ചേരി. പാര്‍ട്ടി സമ്മേളനങ്ങള്‍ പോലുള്ള വലിയ പരിപാടികള്‍ വരുമ്പോള്‍ പ്രചാരണം നടത്താന്‍ മാഹി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫിസില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതനുസരിച്ച് പരിപാടി കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ അവരവര്‍ തന്നെ പൂര്‍ണമായും അഴിച്ച് മാറ്റിയിരിക്കണം. അധികൃതരും ഇതേത്തുടര്‍ന്ന് മയ്യഴിയിലുടനീളം സഞ്ചരിച്ച് നടപടികളെടുത്തിരുന്നു. എന്നാല്‍ പിന്നീട് എല്ലാം പഴയത് പോലെയായി. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ലോകകപ്പിനോടനുബന്ധിച്ച് പലയിടങ്ങളിലും ഉയര്‍ത്തിയ ഫുട്‌ബോള്‍ താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ അപകടകരമാംവിധം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഏതാനും ദിവസം മുമ്പ് ഇരട്ടപ്പിലാക്കൂലില്‍ ഇരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ കിണറ്റിലെറിഞ്ഞത് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത്തരം പ്രശ്‌നങ്ങളാണ് പലപ്പോഴും വലിയ സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കാരണമായിട്ടുള്ളതെന്ന് കാണാം. നിയമം നടപ്പിലാക്കേണ്ട നഗരസഭയോ, ആര്‍.എ ഓഫിസോ യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല. അതുകൊണ്ടു തന്നെ പോലിസിനും ഒന്നും ചെയ്യാനാവുന്നുമില്ല.