ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മന്ത്രി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ അപേക്ഷ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചെന്നൈയിലെ പ്രിന്‍സിപ്പിള്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ് അല്ലി ആണ് ഹര്‍ജി തള്ളിയത്.
അതേസമയം, ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് പരിഗണിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.ആര്‍ ഇളങ്കോയുടെ ആവശ്യം ജസ്റ്റിസ് നിഷ ബാനുവും ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് അംഗീകരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. ബാലാജിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹര്‍ജിയും ഡിഎംകെ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി ഇന്ന് തന്നെ പരിഗണിക്കും.