വസ്ത്രങ്ങൾക്ക് ഓരോ വ്യക്തിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിൽ മുഖ്യസ്ഥാനമുണ്ട്. എന്നാൽ മഴക്കാലത്ത് എല്ലാ വേഷങ്ങളും പരീക്ഷിക്കാൻ പറ്റിയ സമയമല്ല. എന്ന് കരുതി ഇഷ്ട വസ്ത്രങ്ങളോട് നോ പറയേണ്ട ആവശ്യവുമില്ല. മികച്ച ഫാഷൻ തന്നെ മഴക്കാലത്തും പരീക്ഷിക്കാം. മഴക്കാലത്ത് ഫാഷണബിളാവാൻ പാലിക്കാം ഈ സിമ്പിൾ ടിപ്‌സ്.
1.കനം കുറഞ്ഞ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം
കനം കുറഞ്ഞ പോളിയെസ്റ്റർ, വിസ്‌കോസ്, ഷിഫോൺ പോലെയുള്ള മെറ്റീരിയലിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഇവ ഉണങ്ങാനും എളുപ്പമാണ്. ചുളിവുകൾ വീഴില്ല എന്നതും ഈ മെറ്റീരിയലുകളെ മഴക്കാലത്തെ പ്രിയപ്പെട്ട തുണിത്തരങ്ങളാക്കി മാറ്റുന്നു. മിഡി പോലുള്ള വസ്ത്രങ്ങളാണ് പുറത്തിറങ്ങുമ്പോൾ ധരിക്കാൻ ഉത്തമം. മാക്‌സി പോലുള്ള നീളം കൂടിയ വസ്ത്രങ്ങളിൽ പെട്ടെന്ന് ചെളിപിടിക്കുവാനുള്ള സാധ്യത കൂടുതലാണ്. ജീൻസും മഴക്കാലത്ത് മാറ്റിവെക്കുന്നതാണ് ഉചിതം.
2. കടുത്ത നിറങ്ങൾ പരീക്ഷിക്കാം
മഴക്കാലത്ത് ധരിക്കാൻ ഏറ്റവും മികച്ചത് വൈബ്‌റന്റ് നിറങ്ങളാണെന്ന് ഫാഷൻ വിദ്ഗദ്ധർ പറയുന്നു. ഫ്യൂഷ്യ പിങ്ക്, റോയൽ ബ്ലൂ, ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ മഴക്കാലത്ത് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കും. ചേരുന്ന സ്ലിപ്പേഴ്‌സ് പോലുള്ള ചെരിപ്പുകളും അണിയാം.
3. ഹെയർസ്റ്റൈലും അടിപൊളിയാക്കാം
മുടി അഴിച്ചിടാതിരിക്കുന്നതാണ് മഴക്കാലത്ത് മുടിയുടെ ആരോഗ്യത്തിന് നല്ലത്. ഈർപ്പം നിറഞ്ഞ് ദുർഗന്ധം വരാതിരിക്കാനും എളുപ്പത്തിൽ മാനേജ് ചെയ്യാനും കെട്ടിവെക്കുന്നതാണ് നല്ലത്. ഹെയർ ആക്‌സസറീസ് കുറഞ്ഞ ഹൈ പോണിടെയിൽ, ബൺ എന്നീ സ്‌റ്റെലുകൾ പരീക്ഷിക്കാം.
4. സ്ലിപ്പേഴ്‌സ് ധരിക്കാം
ഷൂസ് പോലെയുള്ള പാദങ്ങൾ പൂർണമായി മൂടുന്ന വിധത്തിലുള്ള ചെരിപ്പുകളോട് തത്ക്കാലം നോ പറയാം. വെള്ളത്തിലൂടെ നടക്കേണ്ടി വരാൻ സാധ്യതയുള്ളതിനാൽ ഷൂസ് നനഞ്ഞാൽ അത് ഉണങ്ങാൻ കൂടുതൽ സമയം വേണം. മാത്രവുമല്ല, നനഞ്ഞ ഷൂസിന് ദുർഗന്ധവും ഉണ്ടാകും. മഴക്കാലത്ത് പാദസംരക്ഷണം ഉറപ്പാക്കുവാനും ചെരുപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ചെരുപ്പുകൾ തിരഞ്ഞെടുക്കുമ്പോഴും ഡാർക്ക് ഷേയ്ഡ് തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം.