കോഴിക്കോട്: മലബാറിലെ സീറ്റ് പ്രതിസന്ധി മുന്‍വര്‍ഷത്തേക്കാള്‍ ഭീകരമാണെന്നും അഡ്മിഷന്‍ പ്രക്രിയകള്‍ ആരംഭിക്കുന്നതിനു മുന്നേ പരിഹാരം കണ്ടില്ലെങ്കില്‍ അരലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി പെരുവഴിയിലാകുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം സമീഹ ബാഫഖി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്‌കൂള്‍ മെംബര്‍ഷിപ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന 14 ബാച്ചുകള്‍ മലബാര്‍ മേഖലയിലേക്ക് കൊണ്ടുവന്നത് കൊണ്ടു മാത്രം വിദ്യാഭ്യാസ പ്രതിസന്ധികള്‍ പരിഹരിക്കാനാവില്ല. ഒരുപാട് വര്‍ഷമായി മലബാറിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിഷയം ആയിരുന്നിട്ട് കൂടി, ഇതിനോട് മുഖം തിരിഞ്ഞിരിക്കുന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഉന്നത പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കും വരെ തെരുവില്‍ നിന്ന് സമരം നയിക്കാന്‍ തന്നെയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തീരുമാനിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
നീതി ചോദിക്കുന്ന പോരിടങ്ങളില്‍ ആത്മാഭിമാനത്തിന്റെ പേരാണ് ഫ്രറ്റേണിറ്റി എന്ന തലക്കെട്ടില്‍ നടക്കുന്ന സ്‌കൂള്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഫറോക് ഗവ. ഗണപത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഹസ്‌നു സ്വാലിഹ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുല്‍ ഫതഹ് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് നജാദ് റൈഹാന്‍ നന്ദിയും പറഞ്ഞു. യൂണിറ്റ് സെക്രട്ടറി നഷ്വ നേതൃത്വം നല്‍കി.