ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ പോക്‌സോ കേസ് റദ്ദാക്കണമെന്ന് ഡല്‍ഹി പോലിസ് പട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യത്തെളിവുകളുടെ അഭാവത്തിലാണ് പോക്‌സോ റദ്ദാക്കാന്‍ പോലിസ് അപേക്ഷ നല്‍കിയത്. കേസ് നാലിന് പരിഗണിക്കും.
‘പോക്സോ വിഷയത്തില്‍, അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം, പരാതിക്കാരന്റെ അതായത് ഇരയുടെ പിതാവിന്റെയും ഇരയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാന്‍ അഭ്യര്‍ത്ഥിച്ച് 173 ക്രിമിനല്‍ നടപടി ചട്ട പ്രകാരം പോലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു,’ ഡല്‍ഹി പോലിസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സെക്ഷന്‍ 354, 354 എ, 354 ഡി ഐപിസി പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഐപിസി 109/ 354/354 എ /506 സെക്ഷന്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഗുസ്തി ഫെഡറേഷന്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് ടോമാറിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ബ്രിജ് ഭൂഷന്റെ ഡല്‍ഹിയിലെ വസതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രതിയായ ബ്രിജ് ഭൂഷണിനെതിരെ 25 പേര്‍ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഒരു വനിതാ ഗുസ്തി താരത്തെ ബ്രിജ് ഭൂഷണിന്റെ ഓഫീസില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.
ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി പോലിസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പോലിസ് വാദം. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പോലിസ് കോടതിയെ അറിയിച്ചു. ചാംപ്യന്‍ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴിയും വാദത്തിന് ബലം പകരാന്‍ പോലിസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.
പോക്‌സോ കേസ് റദ്ദായാല്‍ ബ്രിജ് ഭൂഷണെതിരായ കുറ്റത്തിന്റെ തീവ്രത കുറയും. മറ്റ് പരാതികളും കെട്ടിച്ചമച്ചതാണെന്ന വാദത്തിലേക്ക് എത്തിച്ചാല്‍ ബ്രിജ് ഭൂഷണ് രക്ഷപ്പെടാം. അന്വേഷണത്തില്‍ പോലിസിന്റെ നിലപാടാണ് അന്തിമമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ബ്രിജ് ഭൂഷണെ രക്ഷപ്പെടുത്തിയാല്‍ സമരം വീണ്ടും ശക്തമാക്കാനാണ് താരങ്ങളുടെ തീരുമാനം.