ബ്രിജ് ഭൂഷണിനെതിരേ ലൈംഗിക പീഡനാരോപണം: ഗുസ്തി താരങ്ങള്‍ നല്‍കിയ കാലാവധി ഇന്ന് അവസാനിക്കും

ബ്രിജ് ഭൂഷണിനെതിരേ ലൈംഗിക പീഡനാരോപണം: ഗുസ്തി താരങ്ങള്‍ നല്‍കിയ കാലാവധി ഇന്ന് അവസാനിക്കും

  • കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ലൈംഗിക പീഡനാരോപണത്തില്‍ ഡല്‍ഹി പോലിസ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തിന് ഗുസ്തി താരങ്ങള്‍ അനുവദിച്ച സമയം ഇന്ന് പൂര്‍ത്തിയാകും. ജൂണ്‍ ഏഴിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തിതാരങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ 15 ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാമെന്നായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്. മന്ത്രി ഉറപ്പ് നല്‍കിയതിനാല്‍ ജൂണ്‍ 15 നകം തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘം കേസില്‍ 180 ലധികം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ബി.ജെ.പി എം.പി ബ്രിജ് ഭൂഷന്റെ വസതിയില്‍ ചെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വീട്ടുജോലിക്കാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ മൊഴി രേഖപ്പെട്ടുത്തുകയും ചെയ്തു. കൂടാതെ കേസിനാധാരമായ സംഭവങ്ങളുടെ ക്രമം പുനഃസൃഷ്ടിക്കുന്നതിനായി ഒരു വനിതാ ഗുസ്തി താരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സംഭവവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഞ്ച് രാജ്യങ്ങളുടെ ഗുസ്തി ഫെഡറേഷനുകള്‍ക്ക് ഡല്‍ഹി പോലിസ് കത്തയച്ചിരുന്നു. അതിന് മറുപടി ലഭിച്ചാല്‍ ഉടന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ടൂര്‍ണമെന്റുകളുടെ ഫോട്ടോകളും വീഡിയോകളും മത്സരത്തിനിടെ ഗുസ്തി താരങ്ങള്‍ താമസിച്ച സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും ആവശ്യപ്പെട്ടാണ് കത്തയച്ചത്.
ഗുസ്തിക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം മൂന്ന് തവണ അധ്യക്ഷ പദവിയിലിരുന്ന ബ്രിജ്ഭൂഷനെ ഇനിയുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ആവശ്യങ്ങള്‍ മന്ത്രി പൂര്‍ണമായും അംഗീകരിച്ചെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് താരങ്ങള്‍ സമരം ജൂണ്‍ 15 വരെ നിര്‍ത്തിവച്ചത്. നിശ്ചിത കാലയളവില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ജൂണ്‍ 15 നകം കുറ്റപത്രം സമര്‍പ്പിക്കണമെന്നും 30 നകം ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടതായി അനുരാഗ് ഠാക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *