തലശ്ശേരി: യുവതികളെ പ്രദര്‍ശിപ്പിച്ച് ബിസിനസുകാരനെ വിളിച്ചുവരുത്തി പണവും കാറും തട്ടിയ ഹണിട്രാപ്പ് സംഘത്തെ തലശ്ശേരി പോലിസ് പിടികൂടി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോട്ടസിനടുത്ത നടമ്മല്‍ ജിതിന്‍ (25), ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി ശ്രീലക്ഷ്മിയില്‍ അശ്വതി (19), കതിരൂര്‍ വേറ്റുമ്മലിലെ കേളോത്ത് വീട്ടില്‍ കെ. സുബൈര്‍ (33), മൊകേരി മുത്താറിപ്പിടികയിലെ കണ്ണച്ചാം കണ്ടി വീട്ടില്‍ ഷഫ്‌നാസ് (29) എന്നിവരാണ് പിടിയിലായത്.
സുബൈര്‍ നിലവില്‍ വാടകക്ക് താമസിക്കുന്ന കോടിയേരി ഇടയില്‍ പീടികക്കടുത്ത് വച്ചാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ നാലംഗ സംഘം പിടിയിലായത്. ഹണിട്രാപ്പിലൂടെ ഇവര്‍ കൈക്കലാക്കിയ പണവും കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ ഒരു ബിസിനസുകാരന്റേതാണ് കാറും പണവും. യുവതികളെ പ്രദര്‍ശിപ്പിച്ച് ഇയാളെ ഇന്നലെ വൈകിട്ട് തലശ്ശേരിയിലേക്ക് വിളിച്ചുവരുത്തിയാണ് പെണ്‍കെണിയില്‍ വീഴ്ത്തിയത്. ആദ്യം ഓട്ടോയില്‍ കയറ്റിയും പിന്നീട് ഇയാളുടെ തന്നെ കാറിലും യുവതികളുമായി ചുറ്റിയ ശേഷം മര്‍ദ്ദിച്ച് മമ്പറത്ത് ഇറക്കിവിട്ടു. കാറുമായി കടന്നുവത്രെ. രാത്രി ഏഴോടെ ബിസിനസുകാരന്‍ തലശ്ശേരി പോലിസില്‍ പരാതിപ്പെട്ടു.
പിറകെ പോലിസ് സംഘം പുലര്‍ച്ചയോടെ ഭര്‍തൃമതിയടക്കം നാല് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹണിട്രാപ്പ് സംഘത്തില്‍ ഒരു യുവതി കൂടി ഉള്ളതായി വിവരമുണ്ട്. രണ്ട് മാസം മുന്‍പ് വീട്ടില്‍ സൂക്ഷിച്ച ബോംബ് ലഹരിപ്പുറത്ത് കിടപ്പുമുറിയിലെ ഫാനില്‍ എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതിയാണ് ജിതിന്‍.