അഹമ്മദാബാദ്: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരംതൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവം ഇന്ന് അർധരാത്രി വരെ ഏകദേശം ആറ് മണിക്കൂറോളം നേരം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്ത് തീരത്ത് കടൽക്ഷോഭം ശക്തമായിട്ടുണ്ട്.
സൗരാഷ്ട്ര- കച്ച് തീരങ്ങളിലും പാകിസ്താനിലെ മാണ്ഡവി- കറാച്ചി മേഖലയ്ക്കിടയിലും കാറ്റിൻറെ തീവ്രത അനുഭവപ്പെടും. വ്യാഴാഴ്ച മുതൽ തന്നെഗുജറാത്തിലെ വിവിധ മേഖലകളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.
ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 15 കപ്പലുകളും ഏഴ് വിമാനങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കായി തയാറാക്കി നിർത്തിയിരുന്നു. തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉന്നതതലയോഗം വിളിച്ചുചേർക്കുകയും ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ഏതാണ്ട് ഒരുലക്ഷത്തോളം പേരെ ഗുജറാത്തിൽ വിവിധയിടങ്ങളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.