അഹ്‌മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്ത് തീരം തൊടും. മുന്നൊരുക്കങ്ങളുമായി അതീവജാഗ്രതയിലാണ് സംസ്ഥാനം. വൈകുന്നേരം നാലിനും എട്ടിനുമിടയില്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. കച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കുകയും പൊതുഗതാഗതം നിരോധിക്കുകയും ചെയ്തു. സുരക്ഷയുടെ ഭാഗമായി തീരദേശമേഖലയില്‍ നിന്ന് 74,000 പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ തുടരുകയാണ്.
ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ്. പോര്‍ബന്തറില്‍ മരങ്ങള്‍ കടപുഴകി വീണ് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം അഞ്ചായി. ജനങ്ങളോട് പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 125 കിമീ-135കിമീ വേഗതയിലായിരിക്കും കാറ്റ് വീശുക. ചിലപ്പോള്‍ 150 കിമീ വേഗതയിലേക്ക് ഉയര്‍ന്നേക്കാം.
വിവിധ ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ 15 ടീമുകളും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 12 ടീമുകളും, സംസ്ഥാന റോഡ്-കെട്ടിട വകുപ്പിന്റെ 115 ടീമുകളും വൈദ്യുത വകുപ്പിന്റെ 397 ടീമുകളും പ്രവര്‍ത്തനസജ്ജമാണെന്ന് ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു. ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ദുരന്തനിവാരണ യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. 240 ഗ്രാമങ്ങളില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചു. ചിലയിടങ്ങളില്‍ അതിശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കച്ച്, ദ്വാരക, ജാംനഗര്‍, പോര്‍ബന്ധര്‍, മോര്‍ബി അടക്കമുള്ള ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നും ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ എല്ലാം സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.