മാടവന: ആഴ്ചകളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന മാടവന ജംഗ്ഷനിലെ ദേശീയപാത സിഗ്‌നല്‍ അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ ദേശീയപാത അധികാരികളുടെ ഓഫീസിലേക്ക് വ്യാപിപ്പിക്കുമെന്ന് കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ തോമസ്. സിഗ്നല്‍ പ്രവര്‍ത്തിക്കാത്തത് മൂലം അപകടങ്ങള്‍ പതിവാകുന്ന മാടവന ജംഗ്ഷനില്‍ കെ.എല്‍.സി.എ തൈക്കൂടം മേഖല സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോള്‍ പിരിക്കുന്നതിനും നിര്‍മ്മിത ബുദ്ധി ക്യാമറയിലൂടെ കുറ്റം ചെയ്യാത്തവര്‍ക്കുപോലും പിഴ ഈടക്കുന്നതിനും കാണിക്കുന്ന ഉത്സാഹം കടമകള്‍ നിര്‍വഹിക്കുന്നതിന് കാണിക്കുന്നില്ല. സിഗ്നലുകള്‍ പ്രവര്‍ത്തിക്കാത്തത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് കേസെടുക്കണം എന്നും പ്രതിഷേധയോഗത്തില്‍ കെ.എല്‍.സി.എ ആവശ്യപ്പെട്ടു. കെ.എല്‍.സി.എ മേഖല പ്രസിഡന്റ് ഐ.എം ആന്റണി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി റോയി പാളയത്തില്‍, സംസ്ഥാന ഫോറം കണ്‍വീനര്‍ വിന്‍സ് പെരിഞ്ചേരി, തീരദേശ ഫോറം കണ്‍വീനര്‍ അഡ്വ: ജിജോ കെ.എസ്, ഷാജി കാട്ടിത്തറ, എന്‍.ടി ജോസ്, ജോജോ മനയത്ത്, അഡ്വ. ഡയാന ഡേവിഡ് ജിജോ, എം.എക്‌സ് ജോസഫ്, സുനില്‍ ഞാറുക്കാട്ട്, സോണി സെബാസ്റ്റ്യന്‍, കെ.സി.വൈ.എം സെക്രട്ടറി ജോമോന്‍, ജോസ് കൊച്ചുപറമ്പില്‍, ആന്റണി കന്നിപ്പറമ്പില്‍, ടോമി മൂത്തേരില്‍ എന്നിവര്‍ സംസാരിച്ചു.