തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വേഗപരിധി പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ദേശീയ വിജ്ഞാപനത്തിന് അനുസരിച്ച് പരിധി നിശ്ചയിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായി. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, അഡീ. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലായ് ഒന്ന് മുതല്‍ പുതുക്കിയ വേഗ പരിധി നിലവില്‍ വരും.
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ
9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി
- 6 വരി ദേശീയ പാതയില്‍ 110 കിമീ
- 4 വരി ദേശീയ പാതയില്‍ 100 (90) കിമീ
- മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിമീ
- മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80) കിമീ
- മറ്റു റോഡുകളില്‍ 70 (70) കിമീ
- നഗര റോഡുകളില്‍ 50 (50) കിമീ
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക്
- 6 വരി ദേശീയ പാതയില്‍ 95 കിമീ
- 4 വരി ദേശീയ പാതയില്‍ 90 (70) കിമീ
- മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65) കിമീ
- മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65) കിമീ
- മറ്റു റോഡുകളില്‍ 70 (60) കിമീ
- നഗര റോഡുകളില്‍ 50 (50) കിമീ
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക്
- 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിമീ
- മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിമീ
- മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിമീ
- മറ്റ് റോഡുകളില്‍ 60 (60) കിമീ
- നഗര റോഡുകളില്‍ 50 (50) കിമീ
ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍നിന്നും 60 ആയി കുറയ്ക്കും.
മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്.