വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചു; ടി.സി.എസില്‍ സ്ത്രീകള്‍ ജോലി ഉപേക്ഷിക്കുന്നു

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചു; ടി.സി.എസില്‍ സ്ത്രീകള്‍ ജോലി ഉപേക്ഷിക്കുന്നു

മുംബൈ: വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചതോടെ സ്ത്രീ തൊഴിലാളികള്‍ ജോലി ഉപേക്ഷിക്കുന്നത് വര്‍ധിച്ചെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. കൊവിഡ് ലോകം മുഴുവന്‍ വ്യാപിച്ചപ്പോഴായിരുന്നു ഐ.ടി കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം രീതി സ്വീകരിച്ചത്. എന്നാല്‍ അതെല്ലാം അവസാനിപ്പിച്ച് വീണ്ടും തിരിച്ച് സ്ഥാപനത്തിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയപ്പോഴാണ് സ്ത്രീകളുടെ കൊഴിഞ്ഞ് പോക്ക് കൂടിയത്. പുരുഷന്മാര്‍ മടങ്ങി എത്തുന്നുണ്ടെങ്കിലും സ്ത്രീകള്‍ എത്തുന്നത് കുറവാണെന്നാണ് കമ്പനിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

‘വര്‍ക്ക് ഫ്രം ഹോം രീതി സ്വീകരിച്ചപ്പോള്‍ വീട്ടിലെ മറ്റ് കാര്യങ്ങള്‍ കൂടി നോക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യമായിരുന്നു. ഈ കാരണങ്ങളായിരിക്കാം വീണ്ടും ഓഫീസിലേക്ക് മടങ്ങുന്നത് സ്ത്രീകളില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടാകുക’. ടാറ്റാ ഗ്രൂപ്പ് എച്ച്.ആര്‍ ഓഫീസര്‍ മിലിന്ദ് ലക്കാട് പറഞ്ഞു. ടാറ്റാ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു അസാധാരണമായ സംഭവമാണ്. സ്ത്രീകളുടെ കൊഴിഞ്ഞുപോക്ക് സാധാരണയായി പുരുഷന്മാരേക്കാള്‍ കുറവായിരുന്നു. സ്ഥാപനത്തിലെ തൊഴിലാളികളില്‍ 36 ശതമാനവും സ്ത്രീകളാണ്. സമീപ വര്‍ഷങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം രീതി സ്വീകരിച്ചതോടെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പല കമ്പനികള്‍ക്കും സാധിച്ചിട്ടുണ്ട്. എന്നാല്‍, ഓഫീസിലേക്ക് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ പറയുന്നത് സ്ത്രീകളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വളര്‍ച്ച ലക്ഷ്യമിടുന്ന കമ്പനിക്ക് ഇതൊരു തിരിച്ചടിയാണെന്നും എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ കമ്പനി ഇനിയും ശ്രമിക്കുമെന്നും ഓഫീസര്‍ അറിയിച്ചു.

ലോക ബാങ്ക് കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ തൊഴില്‍ മേഖലയിലെ സ്ത്രീ പ്രാതിനിധ്യം ചൈനയേക്കാള്‍ കുറവാണ്. ചൈനയില്‍ 61 ശതമാനം ഉള്ള പ്രാതിനിധ്യം ഇന്ത്യയില്‍ വെറും 24 ശതമാനം മാത്രമാണ്. ലോകത്തെ ജനസംഖ്യയില്‍ പകുതിയോളം സ്ത്രീകളാണ്. തൊഴില്‍ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം കുറയുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ അത് അപകടകരമായി ബാധിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *