‘മാതൃഭാഷയിലും പരീക്ഷയെഴുതാന്‍ അനുവദിക്കണം’

‘മാതൃഭാഷയിലും പരീക്ഷയെഴുതാന്‍ അനുവദിക്കണം’

തലശ്ശേരി: മാനുവല്‍ ഓഫ് ഓഫീസ് പ്രൊസീജിയേര്‍സ് (എം.ഒ.പി) പരീക്ഷ മലയാളത്തില്‍ എഴുതാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായി. 2017 മെയ് ഒന്ന് മുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളത്തിലാക്കിക്കൊണ്ട് ഉദ്യോഗസ്ഥ – ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കിയിരുന്നു. മെയ് ഒന്ന് മുതല്‍ മലയാളം കര്‍ശനമായി നടപ്പാക്കണമെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം മാത്രമേ ഉപയോഗിക്കാവൂ എന്നും വിട്ടുവീഴ്ച ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
നിലവില്‍ കേരളത്തിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലാര്‍ക്കുമാര്‍ക്ക് അവരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് നിര്‍ബന്ധമായും എം.ഒ.പി പാസ്സാകേണ്ടതായിട്ടുണ്ട്. ഭരണഭാഷ മലയാളത്തിലാക്കി ആറ് വര്‍ഷം കഴിഞ്ഞിട്ടും പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന എം.പി പരീക്ഷ ഇപ്പോഴും ഇംഗ്ലീഷില്‍ മാത്രമേ എഴുതാന്‍ ജീവനക്കാര്‍ക്കാകുന്നുള്ളൂ. ഇത് സര്‍ക്കാര്‍ ഉത്തരവിനോടുള്ള ലംഘനമായിട്ടേ കാണാന്‍ കഴിയൂവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. മാത്രമല്ല മറ്റ് ഡിപ്പാര്‍ട്‌മെന്റ് പരീക്ഷകളായ കെ.ഒ.ആര്‍, കെ.എസ്.ആര്‍ തുടങ്ങിയ പരീക്ഷകള്‍ മലയാളത്തിലും എഴുതാന്‍ കെ.പി.എസ്.സി അനുവദിക്കുന്നുമുണ്ട്.
അതിനാല്‍ പി.എസ്.സി ഇനി നടത്താന്‍ പോകുന്ന എം.ഒ.പി പരീക്ഷയെങ്കിലും മലയാളത്തിലും കൂടി എഴുതാനുള്ള സാഹചര്യം ജീവനക്കാര്‍ക്ക് ഉണ്ടാക്കണമെന്നും അതിനു വേണ്ടി കെ.പി.എസ്.സിക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *