നൈജീരിയയില്‍ ബോട്ട് അപകടം; 103 പേര്‍ മരണപ്പെട്ടു

നൈജീരിയയില്‍ ബോട്ട് അപകടം; 103 പേര്‍ മരണപ്പെട്ടു

അപകടത്തില്‍പ്പെട്ടത് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍

അബുജ: നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 103 പേര്‍ മരിച്ചു. മധ്യ വടക്കന്‍ നൈജീരിയയിലെ ക്വാര സംസ്ഥാനത്താണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ അപകടം നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നൈജറിലെ എഗ്ബോട്ടി ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം.

അപകടത്തില്‍ 103 പേര്‍ മരിച്ചെന്നും നിരവധി പേരെ കാണാതായെന്നും അധികൃതര്‍ പറയുന്നു. ” പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും മരിച്ചു, പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല, രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ് ” ക്വാര പോലിസ് വ്യക്തമാക്കി. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കില്ല, ക്വാരയിലെ കെപാഡ, എഗ്ബു, ഗക്പാന്‍ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് നൈജീരിയന്‍ പ്രാദേശിക ദിനപത്രമായ നൈജീരിയന്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബോട്ടില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് നിഗമനം.

രാത്രി വൈകിയാണ് അപകടം ഉണ്ടായതെന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് ആളുകള്‍ അറിഞ്ഞതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. യാത്രക്കാരില്‍ ഭൂരിഭാഗം പേരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ല. അതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കാരണം. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദികളായ നൈദര്‍, ബെന്യൂ എന്നിവയുടെ സംഗമസ്ഥാനത്തിന് സമീപത്തുള്ള പ്രദേശത്ത് മുന്‍പും സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 മെയ് മാസം നൈജറിലുണ്ടായ ബോട്ടപകടത്തില്‍ 106 പേരാണ് മരിച്ചത്.

നൈജീരിയയിലെ ഏറ്റവും ഒടുവിലത്തെ ബോട്ടപകടമാണിത്. കഴിഞ്ഞ മാസം വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ സൊകോട്ടോയില്‍ 15 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടം നടന്നിരുന്നു. വിറക് ശേഖരിക്കാന്‍ പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. 25 പേരെ കാണാതാവുകയും ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *