ചെന്നൈ: തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തു. ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് ഇ.ഡി അറസ്റ്റ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സെന്തില്‍ ബാലാജിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറസ്റ്റില്‍ പ്രതിഷേധവുമായി ഡി.എം.കെ രംഗത്തെത്തി. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡി.എം.കെ പറഞ്ഞു. ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ആശുപത്രിയില്‍ എത്തി. ബി.ജെ.പി വിരട്ടിയാല്‍ പേടിക്കില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. ഓമന്ദൂരാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കനത്ത സുരക്ഷയാണ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. 17 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം പുലര്‍ച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2011-15 കാലയളവിലാണ് സെന്തില്‍ ബാലാജി ഗതാഗത മന്ത്രിയായത്. മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ ജോലിക്കായി കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. സംസ്ഥാന സെക്രട്ടേറിയറ്റിലടക്കം പരിശോധന നടത്താനുള്ള ഇ.ഡി നടപടി ഇന്നലെ വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് നടപടിയെന്ന് എം.കെ സ്റ്റാലിനും ഇന്നലെ പ്രതികരിച്ചിരുന്നു.