മുംബൈ: വിപണിയില്‍ ചരിത്രനേട്ടം കൊയ്ത് എം.ആര്‍.എഫ്. വിപണിയില്‍ ആദ്യമായി ഒരു ലക്ഷം രൂപ കടന്നിരിക്കുകയാണ് എം.ആര്‍.എഫ്. ചൊവ്വാഴ്ചയോടെയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,00,300 രൂപയില്‍ എത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സ്റ്റോക്കിന്റെ മൂല്യം ഒരു ലക്ഷം രൂപയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച നേട്ടമാണ് എം.ആര്‍.എഫ് കൈവരിച്ചത്. 41,152 രൂപയ്ക്ക് ഓഹരികള്‍ വില്‍ക്കുന്ന ഹണിവെല്‍ ഓട്ടോമേഷനാണ് പട്ടികയില്‍ രണ്ടാമത്. പേജ് ഇന്‍ഡസ്ട്രീസ്, ശ്രീ സിമന്റ്, 3 എം ഇന്ത്യ, അബോട്ട് ഇന്ത്യ, നെസ്ലെ, ബോഷ് തുടങ്ങിയ കമ്പനികളാണ് തൊട്ടുപിന്നില്‍.
2020 മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 55,000 രൂപയില്‍ നിന്ന് 81 ശതമാനം നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എം.ആര്‍.എഫ് ഓഹരികള്‍ 45 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. 2022 ഡിസംബറില്‍ ഓഹരി വില 94,500 രൂപയായി ഉയര്‍ന്നെങ്കിലും ആ നില നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. മെയ് 3ന് ശേഷമാണ് എംആര്‍എഫിന്റെ ഓഹരി വിലയില്‍ പുരോഗതി പ്രകടമായി തുടങ്ങിയത്. 2023 മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ നികുതി നല്‍കിയതിന് ശേഷമുള്ള ലാഭം (PAT) 313.53 കോടി രൂപ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 86 ശതമാനം വളര്‍ച്ച . കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 168.53 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം
സച്ചിനും വിരാട് കോഹ്ലിയെപ്പോലുള്ള മറ്റ് ക്രിക്കറ്റ് താരങ്ങളും എം.ആര്‍.എഫ് ബ്രാന്‍ഡിന്റെ അംബാസിഡര്‍മാരായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ച വര്‍ഷത്തിന്റെ മധ്യത്തില്‍, എം.ആര്‍.എഫ് ഓഹരി ഏകദേശം 14,300 രൂപയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു ലക്ഷം മറികടന്നത്. മദ്രാസ് റബ്ബര്‍ ഫാക്ടറി എന്ന കമ്പനിയുടെ ചുരുക്കപ്പേരാണ് എം.ആര്‍.എഫ്. 1993 ഏപ്രില്‍ 27നാണ് കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 11 രൂപയില്‍ ആരംഭിച്ച ഓഹരി 30 വര്‍ഷം കൊണ്ടാണ് ഒരു ലക്ഷം രൂപയിലേക്കെത്തുന്നത്. അന്ന് ഒരു ലക്ഷം രൂപയുടെ നിക്ഷേപം കമ്പനിയില്‍ നടത്തിയ നിക്ഷേപകനു 30 വര്‍ഷം കൊണ്ട് 100 കോടിയാണ് ഇന്നത്തെ വിലയനുസരിച്ചുള്ള റിട്ടേണ്‍.