ഗ്രാമീണ നാടകവേദിക്ക് അര്‍ഥപൂര്‍ണമായ സംഭാവനകള്‍ നല്‍കിയ, നാടകത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കലാകാരനായ വി.ശശി നീലേശ്വരത്തിനാണ് ഇത്തവണത്തെ എ.ശാന്തകുമാര്‍ സ്മാരക നാടകപ്രതിഭാ പുരസ്‌കാരം. 1973 മുതല്‍ 50 വര്‍ഷമായി മലബാറിലെ നാടകരംഗത്ത് സജീവസാന്നിധ്യമാണിദ്ദേഹം. ഉദിനൂര്‍ കിനാത്തില്‍ ജ്വാല തിയേറ്ററിന്റെ ‘ മെഫിസ്റ്റോഫിലിസ്’ എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള പ്രവേശനം. കേരള സംഗീത നാടക അക്കാദമിയുടെ നാടക മത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 30 ഓളം നാടകത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജ്വാല തിയേറ്ററിന്റെ ‘റിസറക്ഷന്‍’, പുരുഷന്‍ കടലുണ്ടി സംവിധാനം ചെയ്ത ‘തീയാട്ട്’ എന്നിവ പ്രധാനപ്പെട്ട നാടകങ്ങളാണ്. 1979 മുതല്‍ സ്‌കൂള്‍ നാടകങ്ങള്‍ സംവിധാനം ചെയ്തുക്കൊണ്ട് സംവിധാന രംഗത്തേക്ക് കടന്നു. രാജ്‌മോഹന്‍ നീലേശ്വരത്തിന്റെ ‘ഏകലവ്യന്‍’ ആണ് ആദ്യ നാടകം.
ബാലചന്ദ്രന്‍ പയ്യന്നൂരിന്റെ ‘ആശാ സദനത്തിലെ അന്തേവാസികള്‍’, ‘മാനസാന്തരത്തിന്റെ ബാക്കിപത്രം’ ഉള്‍പ്പെടെ മൂന്ന് നാടകങ്ങള്‍ക്ക് സംസ്ഥാന മത്സരങ്ങളില്‍ പുരസ്‌കാരം ലഭിച്ചു. മുഹമ്മദ് കുഞ്ഞിയുടെ ‘സര്‍പ്പ’, രാജ്‌മോഹന്‍ നീലേശ്വരത്തിന്റെ ‘പാക്കനാര്‍ സൂക്തം’, നരേന്ദ്രപ്രസാദിന്റെ ‘മരങ്ങള്‍’, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച നാടകമായി തെരഞ്ഞെടുത്ത ‘ അരിമണി പുഴയുടെ തീരത്ത്’ എന്നിവ സംവിധാനം ചെയ്തു. 1990ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക മത്സരത്തില്‍ പയ്യന്നൂര്‍ സംഗം അവതരിപ്പിച്ച ‘മരമീടന്‍’ സംവിധാനം ചെയ്തു. ‘മാറ്റിവച്ച തലകള്‍’ എന്ന നാടകത്തിന് ബീമ അവാര്‍ഡ്, സൈമ അവാര്‍ഡ്, ശ്യാമ അവാര്‍ഡ് എന്നിവ ലഭിച്ചു. 50ഓളം അമേച്വര്‍ നാടകങ്ങളും 30ഓളം തെരുവ ്‌നാടകങ്ങളും സംവിധാനം ചെയ്തു. ഈ അടുത്തകാലത്ത് ‘ശേഷം’, ‘പെണ്‍വിളക്ക്’, എന്‍.ശശിധരന്റെ ‘വാണിഭം’ എന്നീ നാടകങ്ങള്‍ സംവിധനം ചെയ്തു. നിലവില്‍ പയ്യന്നൂര്‍ കേന്ദ്രമായി ‘തീമാടന്‍’ നാടകം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് 16ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട്ട് ടൗണ്‍ഹാളില്‍വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ.ശൈലജ, വി.ശശി നീലേശ്വരത്തിന് സമ്മാനിക്കും.