തൃശ്ശൂര്‍: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാതെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്‌ക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് യെച്ചൂരി മുഖം തിരിച്ചത്.
ആ കേസിന്റെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. അക്കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ടെന്നും തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയെ കുറിച്ച് താല്‍പര്യമില്ലേ എന്നും ചോദ്യങ്ങളില്ലേ എന്നുമുള്ള മറുചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. മുമ്പ് ഡല്‍ഹിയില്‍ വെച്ചും ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരണത്തിന് തയ്യാറായിരുന്നില്ല.
എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും ജയിലിലടച്ചാലും സത്യം മൂടിവെക്കാനാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
‘മാധ്യമങ്ങളെ അതിക്രൂരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. വിയോജിപ്പുകളെ വിരട്ടുകയാണ്. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു. അവരെ അധിക്ഷേപിക്കുകയും കള്ളക്കേസുണ്ടാക്കി ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നു. എത്ര നിഷേധിച്ചാലും മാധ്യമങ്ങളുടെ ഉള്ളടക്കത്തില്‍ മോദി സര്‍ക്കാര്‍ കയ്യടക്കുന്നുണ്ടെന്നുള്ള കാര്യം മറയ്ക്കാനാകില്ല’- യെച്ചൂരി ട്വീറ്റ് ചെയ്തു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ട് പൂട്ടിക്കാന്‍ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്നായിരുന്നു ട്വിറ്റര്‍ മുന്‍ മേധാവി ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിനോടുള്ള പ്രതികരണമായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.