ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണി; വൈരമുത്തുവിനെതിരെ വീണ്ടും ആരോപണം

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണി; വൈരമുത്തുവിനെതിരെ വീണ്ടും ആരോപണം

ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും മീടു ആരോപണം. തമിഴ് ഗായിക ഭുവന ശേഷനാണ് വൈരമുത്തുവിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിക്കുകയും സമ്മതിച്ചില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നും വൈരമുത്തു ഭീഷണിപ്പെടുത്തിയതായി ഭുവന ശേഷന്‍ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈരമുത്തുവില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇവര്‍ വെളിപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ പ്രശസ്ത എഴുത്തുകാരെ ആദരിക്കുന്ന ഡ്രീം ഹൗസ് പദ്ധതിയില്‍ വൈരമുത്തുവിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഗായിക ആരോപണങ്ങള്‍ കടുപ്പിച്ചത്. ഗായിക ചിന്മയി ശ്രീപാദ ഉള്‍പ്പെടെ നിരവധി സ്ത്രീകളെ വൈരമുത്തു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.

”ഇതുവരെ ഏതാണ്ട് 17 സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ലൈംഗീക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്, എന്നാല്‍ അവരില്‍ നാലുപേര്‍ മാത്രമേ ആരോപണങ്ങള്‍ പരസ്യമായി പറയാന്‍ തയ്യാറായുള്ളൂ. പീഡിപ്പിക്കപ്പെട്ട അവസ്ഥയില്‍ നിന്നും മാനസികമായി മോചനം ലഭിക്കാന്‍ പ്രയാസമാണ്. പല യുവ ഗായകരുടെയും സ്വപ്നമാണ് അയാള്‍ ഇത്തരത്തില്‍ തകര്‍ത്തത്. മറ്റൊരു പെണ്‍കുട്ടിയോട് ഇത് ചെയ്യാതിരിക്കാനാണ് ഇതെല്ലാം തുറന്നു പറയുന്നത്’ -ഭുവന ശേഷന്‍ പറഞ്ഞു.

”ചിന്മയി ശ്രീപാദയുടെ ധൈര്യം അതിശയകരമാണ്, വൈരമുത്തുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ചിന്മയി സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.’ ഭുവന ശേഷന്‍ പറഞ്ഞു.

അതിനിടെ മീ ടൂ ആരോപണ വിധേയനായ വൈരമുത്തുവിനെ ഡ്രീം ഹൗസ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *