തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരേ മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അന്വേഷണ സംഘം മോന്‍സണ്‍ മാവുങ്കലിന്റെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത ക്രൈംബ്രാഞ്ച് നടപടിയില്‍ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.
കേസില്‍ നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നാളെ ചോദ്യം ചെയ്യലിന് ഹാജരായാല്‍ അവശ്യമെങ്കില്‍ ക്രൈംബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനായി ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയതായാണ് വിവരം. ഇത് കൂടി മുന്നില്‍ കണ്ടാണ് സുധാകരന്റെ നീക്കം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നാണ് സുധാകരന്റെ ആരോപണം. എഫ്.ഐ.ആറിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തോട് സുധാകരന്‍ ആവശ്യപ്പെടും. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെടും.
കേസിന്റെ പ്രാരംഭഘട്ടം മുതല്‍ തന്നെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കെ സുധാകരന്‍, മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ താമസിച്ച് സൗന്ദര്യ വര്‍ധനയ്ക്കുള്ള കോസ്മറ്റോളജി ചികിത്സ നടത്തിയെന്നായിരുന്നു പരാതി. മോണ്‍സന്റെ വീട്ടില്‍ താമസിച്ച് 10 ദിവസം ചികിത്സ നടത്തിയെന്നായാരുന്നു പരാതിക്കാരന്‍ പറഞ്ഞത്. എന്നാല്‍ മോന്‍സണ്‍ കണ്ടതും ചികിത്സ തേടിയതും സത്യമാണെന്നും പത്ത് ദിവസമല്ല അഞ്ച് ദിവസമാണ് ചികിത്സക്കായി വീട്ടില്‍ താമസിച്ചതെന്നും കെ. സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്നലെയാണ് സുധാകരനെ പ്രതിചേര്‍ത്തത്. വഞ്ചനാകുറ്റം ചുമത്തി രണ്ടാം പ്രതിയായാണ് കേസെടുത്തിരിക്കുന്നത്.