ഇംഫാല്‍: കലാപത്തെ തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും 50,000 ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. 349 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ടെന്നും ദുരിതബാധിതര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചവരെല്ലാം ഇപ്പോള്‍ ക്യാംപുകളിലാണ്. ഇവരില്‍ പലര്‍ക്കും ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളെല്ലാം നഷ്ടപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഗുണഭോക്തൃ പദ്ധതികളില്‍ ഭൂരിഭാഗവും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, ആധാര്‍ കാര്‍ഡുകള്‍ പുനര്‍വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആധാര്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ക്യാമ്പുകളില്‍ തന്നെ ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുള്ള ക്രമീകരണങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ”അക്രമം മൂലം കുടിയിറക്കപ്പെട്ടവര്‍ക്കായി ഏകദേശം 4000 വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി. ബ്ലൂ പ്രിന്റിന് അന്തിമ രൂപമായിട്ടില്ല. രണ്ട് മുറികളുള്ള വീട് നിര്‍മിക്കാനാണ് നിലവില്‍ പദ്ധതിയിടുന്നത്”-മുഖ്യമന്ത്രി പറഞ്ഞു. അക്രമം തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം പുനഃസ്ഥാപിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചുരാചന്ദ്പൂരില്‍ നിന്ന് കുടിയിറക്കപ്പെട്ടവരെയും ഇംഫാലിലെ ക്യാമ്പുകളില്‍ കഴിയുന്നവരെയും ഇംഫാലിലെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അയയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ജൂണ്‍ 15 വരെ നീട്ടിയിരുന്നു. അക്രമം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ച അര്‍ദ്ധസൈനിക സേനയുടെ സാന്നിധ്യവും സംസ്ഥാനത്തുണ്ട്.