പാലുല്‍പാദനം വര്‍ധിപ്പിക്കാന്‍ തീറ്റ, കറവസമയ ക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം: മന്ത്രി ജെ. ചിഞ്ചുറാണി

പാലുല്‍പാദനം വര്‍ധിപ്പിക്കാന്‍ തീറ്റ, കറവസമയ ക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം: മന്ത്രി ജെ. ചിഞ്ചുറാണി

കൊച്ചി: പാലുല്‍പാദനം ക്രമേണ വര്‍ധിപ്പിക്കാന്‍ പശുക്കളുടെ ആഹാരരീതി പരിശോധിച്ച് വിലയിരുത്തി വേണ്ട മാറ്റങ്ങളുമായി മുന്നോട്ടു പോകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൊച്ചിയില്‍ പറഞ്ഞു. പശുക്കളിലെ പാലുല്‍പ്പാദനക്ഷമത ക്രമേണ കുറയ്ക്കുന്ന ഗുണനിലവാരം കുറഞ്ഞ അന്യസംസ്ഥാന കാലിത്തീറ്റകളുടെ വരവ് നിയന്ത്രിക്കുക, ആവശ്യമായ കാലിത്തീറ്റ സംസ്ഥാനത്തിനകത്ത് തന്നെ ഉല്‍പാദിപ്പിക്കുക തുടങ്ങിയവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കുന്ന കാലിത്തീറ്റ – കോഴിത്തീറ്റ ധാതുലവണ മിശ്രിത നിയമനിര്‍മ്മാണം നടന്നു വരികയാണ്. അതിന് വേണ്ടിയുള്ള 15 അംഗ എം.എല്‍.എ മാരുടെ സംഘം അടുത്ത് തന്നെ ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും മികച്ച ഗുണമേന്മയുള്ള പാലുല്‍പ്പാദന മേഖലയായി തെരഞ്ഞെടുത്ത മലബാര്‍ മേഖല ഉദാഹരണം ആയെടുത്തു പരിശോധിച്ച് അവിടെ നടപ്പാക്കിയ ഗുണകരമായ മാറ്റങ്ങള്‍ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. പത്തനംതിട്ടയിലെ കന്നുകാലികളില്‍ നടപ്പിലാക്കി വരുന്ന ഇ -സമൃദ്ധ RFID പദ്ധതി മറ്റു ജില്ലകളിലും ഉടനടി നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

സുസ്ഥിര പാലുല്‍പ്പാദനം ലക്ഷ്യമിട്ടുള്ള പശുക്കളുടെ ശാസ്ത്രീയ ഭക്ഷണരീതികളെക്കുറിച്ചും അതത് പ്രായങ്ങളില്‍ നല്‍കേണ്ട തീറ്റക്രമങ്ങളെക്കുറിച്ചുമുള്ള കേരള ഫീഡ്‌സിന്റെ പ്രത്യേക സെമിനാര്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു മന്ത്രി. കേരള ഫീഡ്‌സ് എം.ഡി ഡോ. ബി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ കൗശിഗന്‍ ഐ.എ.എസ്, മില്‍മ എം.ഡി ആസിഫ് കെ.യൂസഫ് ഐ.എ.എസ്, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, കെ.എല്‍.ഡി.ബി എം.ഡി ഡോ. ആര്‍. രാജീവ്, വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ ന്യൂട്രീഷന്‍ വിഭാഗം മേധാവി പ്രൊഫ.(ഡോ.) അല്ലി .കെ, മൃഗസംരക്ഷണ വകുപ്പ് എസ്.എല്‍.ബി.പി അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജിജി മോന്‍ ജോസഫ്, ഡോ. അജിത് എം.ജി, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കോശി അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ഫീഡ്‌സ് എ.ജി.എം ഉഷ പത്മനാഭന്‍ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *