നിര്‍ദ്ദിഷ്ഠ തലശ്ശേരി – മൈസൂര്‍ റയില്‍പ്പാതയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തി

നിര്‍ദ്ദിഷ്ഠ തലശ്ശേരി – മൈസൂര്‍ റയില്‍പ്പാതയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തി

തലശ്ശേരി: 1907-ല്‍ ബ്രിട്ടീഷ്‌കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ചിരുന്നതും, എന്നാല്‍ ഒന്നാം ലോക മഹായുദ്ധം കാരണം അവര്‍ക്ക് സാധിക്കാതിരുന്നതുമായ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്ന പദ്ധതിയായ, തലശ്ശേരി – മൈസൂര്‍ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മേഖലയിലെ എം.എല്‍.എ മാരെ നേരില്‍ക്കണ്ട്, അവരുടെ ഇടപെടലുകള്‍ ശക്തമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഉളിക്കലിലെ വീട്ടിലെത്തി ഇരിക്കൂര്‍ എം.എല്‍.എ സജീവ് ജോസഫുമായും ഇരിട്ടിയില്‍ വെച്ച് പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫുമായും പാനൂര്‍ ഓഫീസില്‍ വെച്ച് കൂത്തുപറമ്പ് എം.എല്‍.എ കെ.പി മോഹനനുമായും വികസന വേദി ഭാരവാഹികള്‍ ചര്‍ച്ച നടത്തി. മട്ടന്നൂര്‍ എം.എല്‍.എ ശൈലജ ടീച്ചറെ കാണാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തില്ലാതിരുന്നതിനാല്‍ കാണാന്‍ സാധിച്ചിരുന്നില്ല. തലശ്ശേരി വികസന വേദി ഭാരവാഹികളായ മേജര്‍ പി.ഗോവിന്ദന്‍, കെ.വി.ഗോകുല്‍ ദാസ്, സജീവ് മാണിയത്ത്, ഇ.എം അഷറഫ്, എന്നിവരും കോണ്‍ഗ്രസ്സ് മൈനോറിറ്റി വിഭാഗം സംസ്ഥാന വൈസ് ചെയര്‍മാന്‍ എന്‍.ആര്‍. മായനും പങ്കെടുത്തു.

പൂര്‍ണ്ണ പിന്തുണയും ,ശക്തമായ ഇടപെടലുകളും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പ് നല്‍കി. കേരളാ മുഖ്യമന്ത്രിയേയും, കര്‍ണ്ണാടക മുഖ്യമന്ത്രിയേയും, റയില്‍വേ മന്ത്രിയേയും, കേരളാ നിയമസഭാ സ്പീക്കറെയും കേന്ദ്ര സഹമന്ത്രി വി.മുരളീധരനേയും ഇന്ത്യന്‍ റെയില്‍വേ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ ആമ്‌നിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസിനേയും , മട്ടന്നൂര്‍ എം.എല്‍.എ ശൈലജ ടീച്ചറേയും, വയനാട്എം.എല്‍.എമാരേയും വരും ദിവസങ്ങളില്‍ നേരിട്ട്കണ്ട്, തലശ്ശേരി – മൈസൂര്‍ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കും. തുടര്‍ന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്‍മാരുമായും ബന്ധപ്പെട്ട് , ഉത്തര മലബാറിന്റെ ആകെ വികസന കുതിപ്പിന് വഴിയൊരുക്കുന്ന ഈ സ്വപ്ന പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ശ്രമങ്ങളും തലശ്ശേരി വികസന വേദിയുടെ നേതൃത്വത്തില്‍ നടത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *