തെരുവ് നായ്ക്കളെ നിയന്ത്രിക്കണം

തെരുവ് നായ്ക്കളെ നിയന്ത്രിക്കണം

അത്യന്തം വേദനാജനകമായ ഒരു വാര്‍ത്തയാണ് നമ്മള്‍ ഇന്നലെ ശ്രവിച്ചത്. ഭിന്നശേഷിക്കാരനായ പതിനൊന്ന് വയസുകാരനായ നിഹാല്‍ തെരുവ്‌നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍റഹ്‌മയില്‍ നൗഷാദിന്റേയും നസീഫയുടേയും മകനാണ് നിഹാല്‍. ഞായറാഴ്ച വൈകീട്ട് മുതലാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുകയും ഒടുവില്‍ അബോധാവസ്ഥയിലായ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. ദേഹമാസകലം തെരുവ്‌നായ്ക്കള്‍ കടിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും നിഹാല്‍ മരണപ്പെട്ടു. തെരുവ്‌നായ ശല്യം സംസ്ഥാനത്ത് രൂക്ഷമാണെന്ന് എല്ലാവര്‍ക്കുമറിയാം. തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുകയാണ് തെരുവ്‌നായ്ക്കള്‍ വര്‍ധിക്കാതിരിക്കാനുള്ള പോംവഴി.

ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രദമല്ല എന്നതാണ് വസ്തുത. രാത്രികാലങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായകളാണ് ഏറ്റവും അപകടകരം. പകല്‍സമയത്ത് ഇവയെ കാണാറില്ല. അതുകൊണ്ടു തന്നെ ഇവയെ വന്ധ്യംകരണ നടപടിക്ക് വിധേയമാക്കാന്‍ കിട്ടാറുമില്ല. തെരുവ് നായകളുടെ ആക്രമണം ഭയന്ന് പലയിടങ്ങളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വഴി നടക്കാന്‍പോലുമാകാത്ത അവസ്ഥയാണുള്ളത്.

പലരും പ്രഭാതനടത്തംപോലും ഒഴിവാക്കിയിരിക്കുകയാണ്. തെരുവ്‌നായ്ക്കള്‍ വര്‍ധിക്കുന്നതിന് പലവിധ കാരണങ്ങളുണ്ടെങ്കിലും പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന നമ്മുടെ മനോഭാവവും ഒരു ഘടകമാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ രാത്രിയുടെ മറവില്‍ ആരും കാണാതെ റോഡരികിലും ഒഴിഞ്ഞപറമ്പുകളിലും കൊണ്ടിടുന്നവരുടെ പ്രവര്‍ത്തികളും നെരുവ്‌നായ്ക്കളുടെ ശല്യം വര്‍ധിക്കുന്നതിന് കാരണമാകുന്നു. തെരുവ്‌നായകളെ കൊല്ലുന്ന ഒരു സമ്പ്രദായമായിരുന്നു മുന്‍പുണ്ടായിരുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവയെ കെണിവച്ച് പിടിച്ച്‌ ഇഞ്ചക്ഷന്‍ ചെയ്ത് കൊന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.

എന്നാല്‍ മനുഷ്യജീവനുകളെക്കാള്‍ മൃഗസ്‌നേഹമുള്ളവര്‍ കോടതികളില്‍ പോയാണ് ഇത്തരം നടപടികള്‍ക്കെതിരേ ഉത്തരവ് സമ്പാദിച്ചത്. സ്വന്തം ശരീരത്തോ, തങ്ങളുടെ പ്രയിപ്പെട്ടവര്‍ക്കോ തെരുവ്‌നായയുടെ കടിയേല്‍ക്കുമ്പോഴേ ഇത്തരം മൃഗസ്‌നേഹികള്‍ക്ക് മറ്റുള്ളവരുടെ വേദന മനസിലാകൂ. മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടേയും നടിന് നഷ്ടപ്പെട്ട ആ കണ്‍മണിയുടേയും വിയോഗത്തിന് ആര് ഉത്തരം പറയും.

വന്‍കിട പ്രോജക്ടുകളെക്കുറിച്ച് ഘോരഘോഷം പ്രഘോഷിക്കുന്ന ഭരണാധികാരികളും,
വാചക കസര്‍ത്തുകൊണ്ട് മനുഷ്യജീവിതങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നവരും പ്രാഥമികമായി ചെയ്യേണ്ടത് നാട്ടില്‍ മുനഷ്യര്‍ക്ക് സൈ്വര്യവും സമാധാനവും ശാന്തിയും ജീവിതം സുഗമമായി കൊണ്ടുപോകാനുള്ള സാഹചര്യവും സൃഷ്ടിക്കലാണ്.

ആയിരക്കണക്കിന്‌ കോടികളുടെ പദ്ധതികളേക്കാള്‍ നമുക്കാവശ്യം മാലിന്യ സംസ്‌കരണം പോലുള്ള മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിനാധാരമായ അടിസ്ഥാനപദ്ധതികളാണ്. സംസ്ഥാന സര്‍ക്കാര്‍, തെരുവ്‌നായകളെ കൊല്ലാനനുമതിക്കായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞത് നല്ല കാര്യംതന്നെയാണ്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സമയം പാഴാക്കാതിരുന്നാല്‍ മതി. കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ ഇന്ന് മറ്റൊരു തലവേദനയാണ്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ മനുഷ്യജീവനുകള്‍ ഇല്ലാതാക്കുന്നതും വാര്‍ത്തകളാവുകയാണ്. നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മതസംഘടനകളെല്ലാം ജനോപകാരപ്രദമായ മേഖലകളില്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ നാട്ടില്‍ ഇത്തരം ദുരന്തങ്ങള്‍ ഇല്ലാതാകും. അകാലത്തില്‍ പൊലിഞ്ഞ പൊന്നുമോന് ആദരാഞ്ജലികള്‍. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *