തലശ്ശേരി : സൈദാര്‍ പള്ളി വിവേഴ്‌സ് റോഡില്‍ ചെങ്കല്‍ മതില്‍ ഇടിഞ്ഞു വീഴുന്നത് പതിവായി. പ്രദേശവാസികള്‍ അപകട ഭീഷണിയിലാണ്. വളരെ ഉയരത്തില്‍ കെട്ടിയിരുന്ന ചെങ്കല്‍ മതിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ഇടിഞ്ഞു വീണത്. ആള്‍ത്താമസമില്ലാത്ത വീട്ടിന്റെ രണ്ട്മീറ്റര്‍ ഉയരമുള്ള മതിലിന്റെ ബാക്കി ഭാഗങ്ങള്‍ അപകടകരമായി ചെരിഞ്ഞ് ഏത് നിമിഷവും നിലം പൊത്താവുന്ന രീതിയിലാണുള്ളത്. ജീവന് തന്നെ ഭീഷണിയായി മാറിയ ഇത്തരം മതിലുകള്‍ പുതുക്കിപ്പണിയുകയോ ഉയരം കുറക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അപകടം നടന്നതിന് ശേഷം നടപടികളുമായി പരക്കം പായുന്നതിനു പകരം അപകടം നടക്കുന്നതിന് മുമ്പ് ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.