സമാധാന സമിതിയില്‍ ഇഷ്ടക്കാര്‍ മാത്രം; കേന്ദ്രം നടത്തുന്ന സമാധാനശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂ: കുകിവിഭാഗം

സമാധാന സമിതിയില്‍ ഇഷ്ടക്കാര്‍ മാത്രം; കേന്ദ്രം നടത്തുന്ന സമാധാനശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂ: കുകിവിഭാഗം

ന്യൂഡല്‍ഹി: മണിപ്പൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിനായുള്ള സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുകി വിഭാഗം. സമാധാന സമിതിയില്‍ മുഖ്യമന്ത്രി ഇഷ്ടക്കാരെ നിയമിച്ചെന്നാരോപിച്ചാണ് കുകി വിഭാഗത്തിന്റെ ബഹിഷ്‌കരണം. ഇനി കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും കുകി വിഭാഗം പറയുന്നു.

മെയ് മൂന്നിന് ആരംഭിച്ച കലാപത്തിന് ഇതുവരെ ശമനമായിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും മണിപ്പൂരിലെത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മൂന്ന് ദിവസം മണിപ്പൂരില്‍ ചര്‍ച്ച നടത്തിയെങ്കിലും കലാപം ഇപ്പോഴും തുടരുകയാണ്. അതേസമയം, കലാപത്തില്‍ സി.ബി.ഐ അന്വേഷണം നടന്നുവരികയാണ്. ഗൂഢാലോചനയുള്‍പ്പെടെയുള്ള കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ആറ് കേസുകള്‍ക്ക് പിന്നിലെ ഗൂഢാലോചനയും സി.ബി.ഐ അന്വേഷിക്കും. കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രത്യേക സംഘത്തില്‍ 10 ഉദ്യോഗസ്ഥരാണുള്ളത്. സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ബിരേന്‍സിംഗിനെതിരായ വികാരം ശക്തിപ്പെട്ടതോടെ വളരെ വിശദമായിത്തന്നെ അന്വേഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

മുഖ്യമന്ത്രിക്കെതിരേ ഭരണപക്ഷ എം.എല്‍.എമാര്‍ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. കലാപം ഒടുങ്ങാത്ത സാഹചര്യം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഈ മാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതല്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മെയ് 31ന് ഇന്റര്‍നെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു. വ്യാജവാര്‍ത്തകള്‍ തടയാനാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *