മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍മിലാനെ ഒരു ഗോളിന് തോല്‍പ്പിച്ചു
ഇസ്താംബൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും എഫ്.എ കപ്പിനും പിന്നാലെ സീസണില്‍ മൂന്നാമത്തെ കിരീടം നേടി മാഞ്ചസ്റ്റര്‍ സിറ്റി. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി തങ്ങളുടെ ആദ്യ ചാംപ്യന്‍ ലീഗ് കിരീടനേട്ടം ആഘോഷമാക്കിയത്. കളിയുടെ 68ാം മിനിറ്റില്‍ റോഡ്രിയിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയഗോള്‍ നേടിയത്. സിറ്റി അനായാസം ജയിച്ചു കയറുമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. ഇന്റര്‍മില്ലാന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ സിറ്റിക്ക് കാലിടറുമോ എന്നുപോലും കടുത്ത സിറ്റി ആരാധകര്‍ കരുതിയിരുന്നു. ആദ്യപാതിയില്‍ സിറ്റിയുടെ താളം കളയാന്‍ ഇന്ററിന് നന്നായി സാധിച്ചു. 26-ാം മിനിറ്റിലാണ് സിറ്റിക്ക് ആദ്യ അവസരം ലഭിക്കുന്നത്. എര്‍ലിംഗ് ഹാളണ്ടിന്റെ മികച്ചൊരു ഷോട്ട് ഇന്റര്‍മിലാന്‍ ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാന തടഞ്ഞിടുകയായിരുന്നു. ഇതിനിടെ പത്ത് മിനിറ്റുകള്‍ക്ക് ശേഷം സിറ്റിയുടെ പ്ലേ മേക്കര്‍ കെവിന്‍ ഡി ബ്രൂയ്ന്‍ കളംവിട്ടത് സിറ്റിക്ക് തിരിച്ചടിയായി. എന്നാല്‍ രണ്ടാം പാതിയില്‍ താളം കണ്ടെത്തിയ സിറ്റി 68ാം മിനിട്ടില്‍ റോഡ്രിയിലൂടെ മുന്നിലെത്തി. തുടര്‍ന്ന് ഗോള്‍ വഴങ്ങാതിരിക്കാനുള്ള സിറ്റിയുടെ ശ്രമം ഫലം കണ്ടു. അവസാന നിമിഷങ്ങളില്‍ സിറ്റിയെ വിറപ്പിച്ച് ഇന്റമിലാന്‍ മുന്നേറ്റം നടത്തിയെങ്കിലും ഗോല്‍കീപ്പര്‍ എഡേഴ്സണിന്റെ സേവിലൂടെ അവര്‍ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. കിരീട നേട്ടത്തോടു കൂടി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ഒരു സീസണില്‍ മൂന്ന് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമുമായി മാഞ്ചസ്റ്റര്‍ സിറ്റി. നാലാം ചാംപ്യന്‍സ് ലീഗ് കിരീടം തേടിയിറങ്ങിയ ഇന്റര്‍ മിലാന് നിരാശ മാത്രം ബാക്കിയായി.