ചൈന: മൊബൈല്‍ ഗെയിം കളിച്ച് 52 ലക്ഷം രൂപ നഷ്ടപ്പെടുത്തി ബെയ്ജിങിലെ പതിമൂന്നുകാരി. അമ്മയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അഞ്ച് മാസം കൊണ്ടാണ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇത്രയധികം തുക ചിലവഴിച്ച് പെണ്‍കുട്ടി ഗെയിം കളിച്ചത്. പണം പിന്‍വലിക്കുമ്പോള്‍ ബാങ്കില്‍ നിന്നും ലഭിക്കുന്ന മെസ്സേജുകള്‍ കുട്ടി തല്‍സമയം തന്നെ ഡിലീറ്റ് ചെയ്യാറുണ്ടായിരുന്നു.ഇക്കാരണത്താല്‍ ഇത്ര വലിയ തുക നഷ്ടപ്പെട്ടിട്ടും മാതാവ് വിവരമറിഞ്ഞില്ല.
കുട്ടിയുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ മാതാവിനെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വെറും അഞ്ച് രൂപമാത്രമാണ് ബാലന്‍സ് ഉ ണ്ടായിരുന്നത്. ചൈനയില്‍ നിന്നും ഇതാദ്യമായല്ല ഇത്തരത്തില്‍ ഗെയിം അഡിക്ടടായ കുട്ടികള്‍ പണം നഷ്ടപ്പെടുത്തിയ വാര്‍ത്തകള്‍ വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ആസക്തിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ചൈന.
ഇന്ത്യയിലും സമാനമായ ഒട്ടനവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദില്‍ ഒരു 16 കാരന്‍ മൊബൈല്‍ ഗെയിമിങിലൂടെ നഷ്ടപ്പെടുത്തിയത് അമ്മയുടെ അക്കൗണ്ടിലെ 36 ലക്ഷം രൂപയാണ്. ഫ്രീ ഫയര്‍ ഗെയിമിലൂടെയാണ് ഈ കുട്ടി പണം നഷ്ടപ്പെടുത്തിയത്. സൗജന്യ ഗെയിം ആയിരുന്നിട്ടും ഗെയിമിലെ കൂടുതല്‍ സൗകര്യങ്ങള്‍ വാങ്ങുന്നതിനായി അവന്‍ പണം ചിലവാക്കുകായായിരുന്നു.