അഹ്‌മദാബാദ്: അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച ഗുജറാത്ത് തീരം തൊടും. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെ കച്ച്- സൗരാഷ്ട്ര മേഖലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍, പോര്‍ബന്ധറില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോടകം തന്നെ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെ വേഗതയുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ് ജൂണ്‍ 15 രാവിലെയോടെ കര തൊടുന്നതാണ്.
ബിപോര്‍ജോയ് കരയോട് അടുക്കുന്ന വേളയില്‍ കച്ച്, ദ്വാരക, പോര്‍ബന്ധര്‍, ജാംനഗര്‍, രാജ്‌കോട്ട്, ജുനഗര്‍, മോര്‍ബി എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിലും ഇടിമിന്നലും കാറ്റോടും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ഇത്തവണ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.