കോഴിക്കോട്: മികച്ച മാര്‍ക്ക് നേടി വിജയിച്ചിട്ടും ആവശ്യമായ പ്ലസ് വണ്‍ സീറ്റ് നല്‍കാതെ മലബാറിലെ വിദ്യാര്‍ഥികളോട് വര്‍ഷങ്ങളായി തുടരുന്ന ഭരണകൂട വിവേചനം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ. തെരഞ്ഞെടുത്ത ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ‘ഖാഫില’ കാരവന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ഒ സംസ്ഥാന ഓഫിസായ വിദ്യാര്‍ത്ഥി ഭവനത്തില്‍ നിന്ന് ആരംഭിച്ച കാരവന്‍ കോഴിക്കോടിലെ ചരിത്ര മണ്ണിലൂടെ കടന്ന് മലബാര്‍ സമര ഭൂമിയിലൂടെ സഞ്ചരിച്ച് അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയില്‍ സമാപിച്ചു. മീഡിയാവണ്ണും ‘മാധ്യമ’വും സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികളോട് പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ വ്യത്യസ്ത സെഷനുകളില്‍ സംവദിച്ചു.
എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.റഹ്‌മാന്‍ ഇരിക്കൂര്‍ കാരവന്‍ കണ്‍വീനര്‍ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സല്‍മാനുല്‍ ഫാരിസിന് പതാക കൈമാറി കാരവന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള സെഷനുകളില്‍ എം.എ.എം.ഒ കോളജ് ചരിത്ര വിഭാഗം മേധാവി ഡോ.അജ്മല്‍ മുഈന്‍, മീഡിയാവണ്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് മുഹമ്മദ് അസ്‌ലം, അന്യായമായി ജയിലിലടക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സിദീഖ് കാപ്പന്‍, ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗം ഡോ.നഹാസ് മാള, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി തഷ്രീഫ് കെ.പി, മക്തൂബ് മീഡിയ എഡിറ്റര്‍ അസ്‌ലഹ് വടകര, എസ്.ഐ.ഒ നേതാക്കളായ വാഹിദ് ചുള്ളിപ്പാറ, നിയാസ് വേളം, ഹാമിദ് ടി.പി തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന കാരവന് അന്‍ഫാല്‍ ജാന്‍, അമീന്‍ മമ്പാട്, വസീം അലി, മുബാറക് ഫറോക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.