തലശ്ശേരി: മുഴപ്പിലങ്ങാട് ഓട്ടിസം ബാധിച്ച നിഹാല്‍ നൗഷാദിനെ തെരുവ് നായകള്‍ കടിച്ച് കീറി കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഒന്നാം പ്രതിയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ് കണ്‍വീനര്‍ ഇ.മനീഷ് കുറ്റപ്പെടുത്തി. തികച്ചും വേദനാജനകമായ സംഭവമാണ് മുഴപ്പിലങ്ങാട് നടന്നത്. ഒന്ന് നിലവിളിക്കാന്‍ പോലും സാധിക്കാത്ത ആ കുരുന്നിനെ നായകള്‍ കടിച്ചുകീറി കൊന്നതിന് കാരണക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പാണ്. തെരുവ് നായ ശല്യത്തിന് വന്ധ്യംകരണം അടക്കമുള്ള ശാസ്ത്രീയ നടപടികള്‍ കൈകൊള്ളാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തി ആവുകയാണ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച അന്വേഷണ കമ്മീഷന്‍ ഇവിടെ എന്താണ് ചെയ്തത്? സംസ്ഥാനത്ത് എത്ര ജീവനുകള്‍ നായയുടെ അക്രമത്തില്‍ പൊലിഞ്ഞു. വീട്ടിലും, നാട്ടിലും മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ദുര്‍ഘട സാഹചര്യം സൃഷ്ടിക്കപ്പട്ടിരിക്കുകയാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെ ശക്തമായ നിയമ, സമരപരിപാടികള്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ തയ്യാറാകും. വാര്‍ഡ്തലങ്ങളും നായ ശല്യത്തിനെതിരെ ജാഗ്രത സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കണം, അതോടൊപ്പം കൊല്ലപ്പെട്ട നിഹാലിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും വേണമെന്ന് ഇ.മനീഷ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.