തലശ്ശേരി: പോസിറ്റീവ് കാര്യങ്ങള്‍ ഏറെ ആലോചിക്കാനുള്ളപ്പോള്‍ നെഗറ്റീവിനെക്കുറിച്ചന്വേഷിക്കാന്‍ എവിടെയാണ് നേരമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഏത് പ്രശ്‌നത്തോടായാലും ജീര്‍ണ്ണമായ മനസ്സിന്റെ അവസ്ഥ മാറണം. വടക്കുമ്പാട് മഠത്തുംഭാഗം ഗ്രാന്‍മ തീയേറ്ററിന്റെ സാരഥിയും സാമൂഹ്യ പ്രവര്‍ത്തകനും മാതൃകാ അദ്ധ്യാപകനുമായ എ.വി രത്‌നകുമാറിന്റെ മനശ്ശാസ്ത്ര സംബന്ധിയായ നാലാമത്തെ ഗ്രന്ഥമായ മനസ് തുറക്കാം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിയറിക്കുമപ്പുറം പ്രായോഗികതയ്ക്ക് പ്രാമുഖ്യം നല്‍കിയ ദാര്‍ശനിക ഗ്രന്ഥമാണിതെന്നും, തന്നെ രത്‌നകുമാര്‍ മാഷിന്റെ പുസ്തകങ്ങള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണമായ മനുഷ്യമനസ്സുകളുടെ ഉള്ളറകളിലേക്കുള്ള മന: ശാസ്ത്രപരമായ സഞ്ചാരമാണ് 113 തലങ്ങളെ അനാവരണം ചെയ്തുള്ള ഈ ഗ്രന്ഥമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.കെ.വി.മനോജ് കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ പുസ്തക പരിചയം നടത്തി. വി.കെ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.രമേശന്‍, എം.പി. ശ്രീഷ, കാട്ടില്‍ ജനാര്‍ദ്ദനന്‍, കാട്ട്യത്ത് പ്രകാശന്‍, കെ.വിനോദ്, പവിത്രന്‍ മൊകേരി, പി.എസ്. വിനായകന്‍ എന്നിവര്‍ സംസാരിച്ചു. എ.വി.രത്‌നകുമാര്‍ മറുമൊഴി നടത്തി. എ.വി. രാജന്‍ മാസ്റ്റര്‍ സ്വാഗതവും, പ്രേമന്‍ പൊന്ന്യം നന്ദിയും പറഞ്ഞു.