ചാലക്കര പുരുഷു
തലശ്ശേരി: ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെ പ്രവാചകനായ ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളുടെ വ്യാപ്തി, തന്നെ പെറ്റു വളര്‍ത്തിയ സമൂഹത്തിലേക്ക് അനുസ്യൂതം പ്രസരിപ്പിക്കുകയാണ് ഈ അദ്ധ്യാപകന്‍,
വര്‍ഗ്ഗീയവിഷ മേഘങ്ങള്‍ ഉരുണ്ടുകൂടിയവര്‍ത്തമാനകാല അന്തരീക്ഷത്തില്‍ ഗുരുദേവന്റെ മാനവിക ദര്‍ശനത്തെ സൗമ്യതയോടെ സമൂഹത്തിലേക്ക് സംക്രമിപ്പിക്കുകയാണ് ഗുരുഭക്തന്‍ കൂടിയായ സന്തോഷ് ഇല്ലോളില്‍.
ഗുരു ചിന്തകളെ നെഞ്ചേറ്റിയ മതേതരവദി, ഉള്‍ക്കാഴ്ചയുള്ള സാംസ്‌ക്കാരിക നായകന്‍, കര്‍മ്മനിരതനായ സാമൂഹ്യ പ്രവര്‍ത്തകന്‍, കിടയറ്റ പ്രഭാഷകള്‍, ഗ്രന്ഥകാരന്‍, തുടങ്ങിയ നിലകളിലെല്ലാം സന്തോഷ് ഇല്ലോളില്‍ നമ്മോട് അടുത്ത് നില്‍ക്കുന്നു.
നവോത്ഥാന മ്യൂല്യങ്ങളുടെ പ്രചാരകനായി സന്തോഷ് ഇല്ലോളില്‍ പിന്നിട്ടത് 5000 ത്തിലേറെ പ്രഭാഷണ വേദികള്‍. ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാലയങ്ങള്‍, സാഹിത്യ-കലാ കൂട്ടായ്മകള്‍, വായനശാലകള്‍ ഉള്‍പ്പടെ കേരളത്തിലെ വിവിധ ഇടങ്ങളിലായി അയ്യായിരത്തിലേറെ വേദികളില്‍ ഇല്ലോളില്‍ പ്രഭാഷണം നടത്തിക്കഴിഞ്ഞു. അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും എതിര്‍ക്കാനും മാനവീകതയുടെ പക്ഷത്ത് നിന്ന് ആദ്ധ്യാത്മികതയെ വിലയിരുത്താനും, ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ശ്രീ നാരായണീയ ചിന്തകന്‍ എന്ന നിലയില്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്ര മുള്‍പ്പടെ നിരവധി വേദികളില്‍ ഗുരുദര്‍ശനങ്ങളുടെ കാലിക പ്രസക്തിയെ കുറിച്ച് സംവദിച്ചിട്ടുണ്ട്. ശ്രീ നാരായണിയ-ഗാന്ധി ദര്‍ശനങ്ങളില്‍ നിരവധി പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. കുട്ടികളില്‍ മൂല്യബോധവും ലഹരിക്കെതിരായ വികാരവും വളര്‍ത്താന്‍ സ്‌കൂള്‍-കോളജ് തലങ്ങളിലെ പ്രഭാഷണങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.
ഈ അടുത്ത് അദ്ദേഹം പ്രസിദ്ധീകരിച്ച ഇവന്റ് മാനേജ്‌മെന്റ് എന്ന കഥാസമാഹാരം സാഹിത്യലോകത്ത് സജീവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയുണ്ടായി. വിവിധ ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്നു. ചരിത്രത്തില്‍ എം.എയും ബി.എഡും നേടി പ്രമുഖ സമാന്തര സ്ഥാപനമായിരുന്ന പാട്യംസ് കോളജിന്റെ പ്രിന്‍സിപ്പാളായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മാടപ്പീടിക രാജാസ് കല്ലായ് സ്‌കൂള്‍ അദ്ധ്യാപകനാണ്. നിരവധി കലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭാരവാഹിത്വം വഹിക്കുന്നു. പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളിലും സജീവമാണ്. മതപരമായ പ്രശ്നങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ലഹരി ഉപയോഗവും ആര്‍ഭാടങ്ങളും ഒക്കെ തല പൊക്കി തിരികെ വരുന്ന വര്‍ത്തമാനകാലത്ത് ഇതിനെതിരെ ഉയരുന്ന വാക്കുകളെ സമൂഹം ശ്രദ്ധയോടെ കേള്‍ക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ചേരുന്ന സന്തോഷ് ഇല്ലോളിലിന്റെ പ്രഭാഷങ്ങളും സാഹിത്യ സഞ്ചാരവും ഏറെ കാലികപ്രസക്തമാണ്.