കൊവിഡ് പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല; ഇപ്പോള്‍ പുറത്തുവന്നത് മുന്‍കാലങ്ങളില്‍ ചോര്‍ന്ന വിവരങ്ങള്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കൊവിഡ് പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല; ഇപ്പോള്‍ പുറത്തുവന്നത് മുന്‍കാലങ്ങളില്‍ ചോര്‍ന്ന വിവരങ്ങള്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: കൊവിഡ് പോര്‍ട്ടലില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇപ്പോള്‍ പുറത്തുവന്നത് മുന്‍കാലങ്ങളില്‍ ചോര്‍ന്ന വിവരങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും വ്യക്തിഗത വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നും ചോര്‍ന്നുവെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് കീഴിലെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനോടാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വാക്സിനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍, ജനന വര്‍ഷം, വാക്സിനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോര്‍ ലേണ്‍ എന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്. ഒരു വ്യക്തി ഏത് വാക്സിനാണ് സ്വീകരിച്ചതെന്നും മറ്റൊരാള്‍ക്ക് അറിയാം. വ്യക്തികളുടെ ഫോണ്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഈ രീതിയില്‍ ലഭ്യമായതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊവിന്‍ പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ഒ.ടി.പിയും നല്‍കിയാല്‍ മാത്രം ലഭ്യമാകുന്ന വിവരങ്ങള്‍ എങ്ങനെ ടെലഗ്രാമിലെത്തിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. അതേ സമയം വാര്‍ത്തകള്‍ക്ക് പുറത്ത് വന്നതോടെ ടെലഗ്രാം ബോട്ടിലൂടെ ഇപ്പോള്‍ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *