ന്യൂഡല്‍ഹി: കൊവിഡ് പോര്‍ട്ടലിലെ വ്യക്തിഗത വിവരങ്ങള്‍ ടെലിഗ്രാം ചാനലില്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിലുള്ളവരെ കണ്ടെത്തുകയും കര്‍ശന നടപടി സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. സ്വകാര്യത ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണ് നിലവിലുണ്ടായിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. മറ്റ് പ്രതിപക്ഷ നേതാക്കളും ചോര്‍ച്ചയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് വാക്സിനേഷന്‍ വിവരങ്ങളുടെ ചോര്‍ച്ചയില്‍ കേന്ദ്രം മറുപടി പറയണമെന്ന് എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ ട്വീറ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെയും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
‘ശക്തമായ ഡാറ്റ സുരക്ഷ’ നല്‍കന്നുവെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ പാസ്‌പോര്‍ട്ട് നമ്പര്‍, ആധാര്‍ നമ്പര്‍ മുതലായവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന വിദഗ്ധരുടെ ചോദ്യം പ്രസക്തമാണ്. ആധാര്‍, പാസ്‌പോര്‍ട്ട് നമ്പറുകള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ നിര്‍ണായക വ്യക്തിഗത ഡാറ്റകള്‍ എങ്ങനെ പുറത്തുവന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ടെന്നും ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തില്‍ മറുപടി നല്‍കണം എന്നും സാകേത് ഗോഖലെ ട്വീറ്റില്‍ ആവശ്യപ്പെട്ടു.