ബീജിങ്: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിച്ച് ചൈന. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം തര്‍ക്കം തുടരുന്നതിനിടെയാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് രാജ്യം വിടണമെന്ന് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശം. ഈ മാസം തന്നെ രാജ്യം വിടണമെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ലേഖകനോടാണ് ആവശ്യപ്പെട്ടത്.
ദ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ നേരത്തേ ചൈനയില്‍നിന്നു മടങ്ങി. പ്രസാര്‍ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. പി.ടി.ഐ റിപ്പോര്‍ട്ടര്‍ രാജ്യം വിടുന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയില്‍ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാകും.
നേരത്തെ ഇന്ത്യയില്‍ തങ്ങളുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ചൈന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് നടപടി. ഇന്ത്യയില്‍ ഒരു ചൈനീസ് മാധ്യമപ്രവര്‍ത്തകന്‍ അവശേഷിക്കുന്നുവെന്നും ഇന്ത്യ അവര്‍ക്ക് വിസ പുതുക്കി നല്‍കുന്നത് നിഷേധിച്ചുവെന്നും കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചിരുന്നു.